കെ എസ് ഇ ബി ധാർഷ്ട്യം; മാളയിൽ ഇന്റർനെറ്റ് കേബിൾ സംവിധാനങ്ങൾ മുറിച്ചിട്ടു
മാള: മാളയിൽ നിന്ന് കൂഴൂർ, പൊയ്യ, പൂപ്പത്തി മേഖലയിലേക്കുള്ള ഇന്റർനെറ്റ്, കേബിൾ ടിവി ഫൈബർ കേബിളുകൾ കെ എസ് ഇ ബി മുറിച്ചിട്ടു. ഇതോടെ ഈ പ്രദേശങ്ങളിലേക്കുള്ള അയ്യായിരത്തിൽ പരം ഇന്റർനെറ്റ് കേബിൾ ഉപയോക്താക്കൾക്കുള്ള സേവനം താൽക്കാലികമായി മുടങ്ങി. കെ എസ് ഇ ബിയുടെ നടപടിയിൽ പ്രതിഷേധിച്ച് സി ഒ എ (കേബിൾ ടിവി ഓപ്പറേറ്റെർസ് അസോസിയേഷൻ) ഉന്നത അധികാരികൾക്ക് പരാതി നൽകി.
ഇന്ന് രാവിലെ മാള പ്ലാവിൻമുറി മൂന്നുമുറി ഭാഗത്ത് പിക്കപ്പ് വാൻ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞിരുന്നു. സ്ഥലത്തെത്തിയ കേബിൾ ടിവി ജീവനക്കാർ കേരള വിഷൻ, റെയിൽ വയർ, ബി എസ് എൻ എൽ, കെ ഫോൺ തുടങ്ങിയ ഇന്റർനെറ്റ് കേബിളുകൾ മറ്റൊരു താൽക്കാലിക പോസ്റ്റിട്ട് വിനിമയം പുനസ്ഥാപിച്ചതിന് പിറകെയാണ് കെ എസ് ഇ ബി അധികൃതർ സ്ഥലത്തെത്തി യാതൊരു മുന്നറിയിപ്പും നൽകാതെ കേബിളുകൾ പൊട്ടിച്ചത് എന്ന് കേബിൾ ടിവി ഓപ്പറേറ്റർമാർ പറഞ്ഞു.
സംഭവത്തിൽ സി ഒ എ പ്രതിഷേധം രേഖപ്പെടുത്തി. കെ എസ് ഇ ബി നടപടിക്കെതിരെ ഉന്നത അധികാരികൾക്ക് പരാതിയും നൽകിയിട്ടുണ്ട്.

Leave A Comment