പൈങ്ങോട് ഒഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളി; 25,000 രൂപ പിഴ
വെള്ളാങ്ങല്ലൂർ : പൊതുസ്ഥലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലും മാലിന്യം തള്ളുന്ന പ്രവണതക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിച്ച് വെള്ളാങ്ങല്ലൂർ പഞ്ചായത്ത്. പഞ്ചായത്തിലെ പൈങ്ങോട് കെ.സി. മൂലയിൽ കേളി സാംസ്കാരിക കേന്ദ്രത്തിനു സമീപം ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്.
വിവാഹ സത്‌കാരത്തിന്റെ അവശിഷ്ടങ്ങൾ കറുത്ത പ്ലാസ്റ്റിക് ബാഗുകളിൽ കെട്ടുകളാക്കി വാഹനത്തിൽ നിറച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തള്ളി പോകുകയായിരുന്നു. സമീപത്തെ മില്ലിൽ മരം എടുക്കാൻ ഇടയ്‌ക്ക് വാഹനങ്ങൾ വരുന്നതിനാൽ മാലിന്യം തള്ളുന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല.
പിന്നീട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഇരിങ്ങാലക്കുട പോലീസിന്റെ സഹകരണത്തോടെ പ്രദേശത്തെ സി.സി.ടി.വി.കൾ പരിശോധിക്കുകയും വാഹനം തിരിച്ചറിയുകയും ചെയ്തു. തുടർന്ന് വാഹനത്തിന്റെ ഡ്രൈവറെ സംഭവ സ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യം തിരിച്ചെടുപ്പിച്ചു.
മാലിന്യം തള്ളിയ എടവിലങ്ങ് വടക്കുംചേരിയിൽ വി.എം. ബൈജുവിൽനിന്ന് 25,000 രൂപ പിഴ ഈടാക്കി. പഞ്ചായത്ത് സെക്രട്ടറി കെ. റിഷി, അസി.സെക്രട്ടറി സുജൻ പൂപ്പത്തി, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ കലാം ആസാദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശരത് കുമാർ, സിൽജ ശ്രീനിവാസൻ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
Leave A Comment