മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്; രണ്ട് പേര്‍ക്ക് പരിക്ക്
ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും അക്രമം. പടിഞ്ഞാറന്‍ ഇംഫാലില്‍ ഉണ്ടായ വെടിവയ്പ്പില്‍ പോലീസുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസുകാരന്റെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് വിവരം. പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം.
പ്രദേശത്ത് ഇപ്പോഴും കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പ് തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
അതിനിടെ, കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ മൃതസംസ്കാരം തടഞ്ഞ് മണിപ്പുർ ഹൈക്കോടതി. ഇന്ന് രാവിലെ 11ന് ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിൽ നിശ്ചയിച്ചിരുന്ന സംസ്കാരമാണ് തടഞ്ഞത്. തത്‌സ്ഥിതി തുടരാനും കോടതി നിർദേശിച്ചു.
സംസ്കാരവുമായി ബന്ധപ്പെട്ട് കുക്കി-മേയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ.
ചുരാചന്ദ്പുർ ജില്ലയിലെ അതിർത്തി ഗ്രാമമായ ബൽജാംഗിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനം. എന്നാൽ തങ്ങൾക്ക് ആധിപത്യമുള്ള സ്ഥലത്ത് സംസ്കാരം നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മേയ്തേയ് വിഭാഗം രംഗത്തുവരികയായിരുന്നു.
വിഷയത്തിൽ ഇരുവിഭാഗത്തിനും കോടതി നോട്ടീസ് നൽകി. കേസ് ഈ മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും. അതേസമയം, ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിന്നതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മേഖലയിലേക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.

Leave A Comment