ദേശീയം

'അയോധ്യ പ്രതിഷ്ഠ ആചാരവിധി പ്രകാരം വേണം'; ആഞ്ഞടിച്ച് പുരി ശങ്കരാചാര്യർ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യർ. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾക്ക് പരിധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം അയോധ്യയിൽ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ലെന്നും രൂക്ഷഭാഷയിൽ വിമർശിച്ചു. പ്രതിഷ്ഠ ആചാര വിധി പ്രകാരം വേണമെന്നും പുരി ശങ്കരാചാര്യർ പറഞ്ഞു. 

അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മ‍ാരും രം​ഗത്ത് എത്തിയിരുന്നു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യരും വ്യക്തമാക്കിയിരുന്നു. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മ‍ാരും രം​ഗത്തെത്തിയത്.

Leave A Comment