ദേശീയം

കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി

ന്യൂഡൽഹി: മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധി വന്നു. ഏപ്രില്‍ ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞു.

 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാള്‍ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാല്‍ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇ‍ഡി കോടതിയില്‍ പറഞ്ഞു.

Leave A Comment