ദേശീയം

ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ ഗാന്ധി സ്മൃതി മാർച്ച് തടഞ്ഞു; പ്രതിഷേധം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവൻ നഷ്ടമായ വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ എംപിമാരുടെ യാത്ര ഡൽഹി പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധം ശക്തമായി.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്ന ശേഷം മൂന്ന് ബസുകളിലായാണ് പ്രതിപക്ഷ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ടത്. എന്നാൽ വഴിമധ്യേ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞു.

ഇതിൽ പ്രതിഷേധിച്ച് എംപിമാരും പ്രവർത്തകരും ബാരിക്കേഡുകൾക്ക് മുകളിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ മാർച്ച്. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

Leave A Comment