ദേശീയം

പ്ര​തീ​കാ​ത്മ​ക രാ​ഷ്ട്രീ​യം: പ​രി​ഹാ​സ​ത്തെ പ്ര​തി​രോ​ധ​മാ​ക്കാ​ൻ 'കോ​ക്രോ​ച് ജ​ന​താ പാ​ർ​ട്ടി'

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ളെ 'പാ​റ്റ​ക​ൾ' എ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​വ​ർ​ക്ക് മു​ന്നി​ൽ അ​തേ പേ​ര് ത​ന്നെ ഒ​രു ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ആ​യു​ധ​വും പ്ര​തി​രോ​ധ​വു​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യാ​ണ് രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് ന​ട​ത്തി​യ ഒ​രു പ​രാ​മ​ർ​ശ​വും അ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി ഉ​യ​ർ​ന്നു​വ​ന്ന 'കോ​ക്രോ​ച് ജ​ന​താ പാ​ർ​ട്ടി'​യു​മാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക ച​ർ​ച്ചാ​വി​ഷ​യം.

കേ​വ​ല​മൊ​രു ട്രോ​ളോ പ​രി​ഹാ​സ​മോ എ​ന്ന​തി​ന​പ്പു​റം, രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും വ്യ​വ​സ്ഥി​തി​ക്കു​മെ​തി​രെ​യു​ള്ള ശ​ക്ത​മാ​യൊ​രു 'പൊ​ളി​റ്റി​ക്ക​ൽ സ്റ്റേ​റ്റ്മെ​ന്‍റാ'​യി ഈ ​പ്ര​സ്ഥാ​നം മാ​റി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ ന​ട​ന്ന ഒ​രു വാ​ദ​ത്തി​നി​ട​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് വി​വാ​ദ​പ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​ത്ത ചി​ല യു​വാ​ക്ക​ൾ പാ​റ്റ​ക​ളെ​പ്പോ​ലെ​യാ​ണെ​ന്നും, ജോ​ലി കി​ട്ടാ​തെ വ​രു​മ്പോ​ൾ ഇ​വ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ, ആ​ർ​ടി​ഐ ആ​ക്ടി​വി​സ്റ്റു​ക​ളോ, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രോ ആ​യി മാ​റി സി​സ്റ്റ​ത്തെ മു​ഴു​വ​ൻ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന ജെ​ൻ​സി യു​വാ​ക്ക​ളെ​യും ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​യും അ​ത്യ​ധി​കം വേ​ദ​നി​പ്പി​ച്ച ഈ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ചീ​ഫ് ജ​സ്റ്റി​സ് പി​ന്നീ​ട് ത​ന്‍റെ പ്ര​സ്താ​വ​ന തി​രു​ത്തി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം അ​ട​ങ്ങി​യി​ല്ല.

ത​ങ്ങ​ളെ പാ​റ്റ​ക​ളെ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച അ​തേ നാ​ണ​യ​ത്തി​ൽ ത​ന്നെ തി​രി​ച്ച​ടി​ക്കാ​ൻ യു​വാ​ക്ക​ൾ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യ അ​ഭി​ജീ​ത് ദീ​പ​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 'കോ​ക്രോ​ച് ജ​ന​താ പാ​ർ​ട്ടി' രൂ​പീ​കൃ​ത​മാ​കു​ന്ന​ത്. പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച് വെ​റും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളാ​ണ് ഇ​തി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും എ​ക്സി​ലും ഈ ​പ്ര​സ്ഥാ​നം വ​ൻ ത​രം​ഗ​മാ​യി മാ​റി.

ത​ങ്ങ​ളു​ടെ പാ​ർ​ട്ടി "സെ​ക്യു​ല​ർ, സോ​ഷ്യ​ലി​സ്റ്റ്, ഡെ​മോ​ക്രാ​റ്റി​ക്, ലേ​സി (മ​ടി​യ​ന്മാ​ർ)" ആ​ണെ​ന്നാ​ണ് ഇ​വ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​ര​മി​ച്ച ശേ​ഷം ചീ​ഫ് ജ​സ്റ്റി​സു​മാ​ർ​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ൾ ന​ൽ​ക​രു​ത്, നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണം തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്.

അ​ധി​കാ​ര​വ​ർ​ഗം ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നും പ​രി​ഹ​സി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കു​ക​ളെ​ത്ത​ന്നെ തി​രി​ച്ച് അ​വ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​രോ​ധ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് 'കോ​ക്രോ​ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത കു​തി​പ്പ് തെ​ളി​യി​ക്കു​ന്ന​ത്.

Leave A Comment