ദേശീയം

രാഹുൽഗാന്ധി രാജ്യത്തെ നാണം കെടുത്തുന്നു; കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂ​ഡ​ൽ​ഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു. പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളെ സഭയിൽ ഉദ്ധരിക്കാൻ ആകില്ല. രാഹുൽ രാജ്യത്തെ നാണം കെടുത്തുകയാണ് ചെയ്യുന്നത്.

സൈന്യത്തിന്റെ ആത്മവീര്യം തകർക്കുന്നു. ഭാവനയിൽ നിന്നുള്ള കാര്യങ്ങളാണ് രാഹുൽ ഉദ്ധരിക്കുന്നത്. ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തത് കോൺഗ്രസ് കാലത്തായിരുന്നു, 1962 ൽ എത്ര ഭൂമി ചൈനയ്ക്ക് വിട്ടു നൽകിയെന്ന് രാഹുൽ പറയാൻ തയ്യാറാകണം കിരൺ റിജിജു ലോക്സഭയിൽ പറഞ്ഞു.

മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് വിവരിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം. രാഹുൽ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ചാടി എഴുന്നേറ്റ് രാജ്നാഥ് സിംഗും അമിത് ഷായും വിമർശനവും തുടങ്ങി.

പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇരുവരും രംഗത്തെത്തിയത്. എന്നാൽ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണെന്ന് പറഞ്ഞായിരുന്നു രാഹുലിന്‍റെ തിരിച്ചടി.

പലതവണ രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയും റൂളിംഗ് നടത്തിയും ഇതിനിടെ സ്പീക്കറും കളം നിറഞ്ഞു. ഒടുവിൽ ഒരു മണിക്കൂറിലേറെ നീണ്ട പോര്, സ്പീക്കർ സഭ തത്കാലത്തേക്ക് നിർത്തിവച്ചതോടെയാണ് അവസാനിച്ചത്. ഈ സംഭവത്തിനെല്ലാം സാക്ഷിയായി പ്രധാനമന്ത്രി മോദിയും സഭയിൽ ഉണ്ടായിരുന്നു.

Leave A Comment