ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മോദി രാജ്യസഭയിൽ
ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. വികസനത്തിന്റെ ദിശ രാഷ്ട്രപതി പ്രസംഗത്തിൽ കാണിച്ചു.
ഒൻപത് വലിയ രാജ്യങ്ങളുമായി വ്യാപാരക്കരാർ ഉണ്ടാക്കി. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായുള്ള കരാർ മോദി പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നും എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും മോദി പറഞ്ഞു.
എന്നാൽ മോദിയുടെ പ്രസംഗം ആരംഭിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മോദി പ്രസംഗിക്കാനായി എത്തിയപ്പോള്‍ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താൻ അനുവദിക്കില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.
നെഹ്റുവിനെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുൻ ഖര്‍ഗെ എഴന്നേറ്റപ്പോള്‍ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഇതിനിടെ ഖര്‍ഗെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി പരിഹസിച്ചു.
ഖര്‍ഗെ ഇരുന്ന് പ്രതിഷേധിച്ചാലും മതിയാകുമെന്നും യുവാക്കള്‍ ഒരുപാടുണ്ടല്ലോയെന്നും മോദി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷ ശബ്ദം ഉയര്‍ത്താൻ അനുവദിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.
Leave A Comment