കാഴ്ചക്കപ്പുറം

വാർത്തകൾ വിരൽത്തുമ്പിൽ: ഫോക്കസ് ടൈം

🔘 വിഡി സതീശന്‍ സര്‍ക്കാര്‍ ഇന്ന് 6 മാസം പിന്നിടുന്നു. ഇന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാരുടെ രൂക്ഷവിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. കൂട്ടായ ചര്‍ച്ചകള്‍ നടക്കാത്തത് ചൂണ്ടിക്കാട്ടിയാണ്മന്ത്രിസഭയില്‍ വിമര്‍ശനം ഉയര്‍ന്നത്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ ചര്‍ച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് എ.പി. അനില്‍കുമാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഉടന്‍ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. പി.എസ്.സിയില്‍ മാത്രമല്ല, ഗുരുവായൂര്‍ ദേവസ്വം നിയമനത്തിലും ചര്‍ച്ച നടന്നില്ലെന്ന് അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമര്‍ശനമുയര്‍ത്തി. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തില്‍ ആര്‍എസ്പിക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും വിമര്‍ശനമുന്നയിച്ചുവെന്നാണ് വിവരം. തര്‍ക്കത്തിനൊടുവില്‍ എല്ലാ ഹിന്ദുമന്ത്രിമാരും ഒപ്പിടാന്‍ ധാരണയായതോടെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ മൂന്ന് അംഗങ്ങളുടെ നിയമനത്തിന് അംഗീകാരമായെന്നും പി.എസ്.സി അംഗങ്ങളായി മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച അഞ്ച് പേരുടെ പേരുകള്‍ മന്ത്രിസഭ അംഗീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍.

🔘 മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്ര വിഷയം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാക്കി ബിജെപി. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ച പോലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തും വലിയ ക്ഷേത്രം നിര്‍മിക്കുമെന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മഥുരയില്‍ ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ പറഞ്ഞത്.

🔘 പിഎം ശ്രീ പദ്ധതിയില്‍ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ ഒപ്പിട്ടത് ശരിയായില്ലെന്നും ഒരു ദുര്‍ബല നിമിഷത്തില്‍ ഒപ്പിട്ടുപോയതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

🔘 ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തില്‍ എതിര്‍പ്പുണ്ടായിരുന്നു എന്ന് വ്യക്തമാക്കി മന്ത്രി കെ മുരളീധരന്‍. ഹിന്ദു മന്ത്രിമാര്‍ ഒപ്പിട്ട് ദേവസ്വം അംഗങ്ങളുടെ നിയമന ഉത്തരവിറങ്ങും.എത്ര മന്ത്രിമാര്‍ ഒപ്പിടും എന്ന് ചോദ്യത്തിന് ക്യാബിനറ്റ് രഹസ്യങ്ങള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

🔘 യു ഡി എഫ് സര്‍ക്കാര്‍ ആറ് മാസം പിന്നിടുന്ന വേളയില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ. വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാരാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ അഭിപ്രായ ഐക്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

🔘 കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കുമ്പോള്‍ ആ ജീവനക്കാര്‍ക്ക് ഹാജറും ശമ്പളവും നല്‍കിയേക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

🔘 സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച അനിശ്ചിതത്വത്തില്‍. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന നിര്‍ദേശത്തെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് മന്ത്രിസഭയില്‍ എതിര്‍ത്തു.

🔘 വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിക്കെതിരെ കേസെടുത്ത് പൊലീസ്. ഭവന പദ്ധതിയുടെ മൂന്നാം ഗഡു വാങ്ങാന്‍ പഞ്ചായത്തിലെത്തിയ വയോധികയെ മര്‍ദ്ദിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നുമുള്ള പരാതിയിലാണ് ആര്യനാട് പൊലീസ് കേസെടുത്തത്.

🔘 വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ പ്രത്യേകസംഘം പുനരന്വേഷണം ആരംഭിച്ചു. പോലീസും സി.ബി.ഐ.യും നേരത്തെ സമര്‍പ്പിച്ച അപകടമരണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ ഹര്‍ജി ശരിവെച്ചാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്.

🔘 ബിജെപി അംഗത്വം രാജിവയ്ക്കാന്‍ ഒരുങ്ങി ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍. ദേശീയ നേതൃത്വവും സംസ്ഥാന പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളില്‍ ഫലമില്ലാതെ വന്നതോടെയാണ് തീരുമാനം.

🔘 വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നടന്ന സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുനസംഭവം. ഉദ്ഘാടനത്തിന് പിന്നാലെ, തന്റെ പ്രസംഗം തടസപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ ഉപവാസം ആരംഭിച്ചു.

🔘 കെപിസിസി നിര്‍ദേശത്തെ തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയും തിരുവനന്തപുരം ഡിസിസി അംഗവുമായ സുഹൈല്‍ ഷാജഹാനെ പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കി കോണ്‍ഗ്രസ്. തിരുവനന്തപുരത്തെ ഒരു ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ഇന്നലെ രാവിലെയാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.

🔘 ഗതാഗത നിയമ ലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് 44,600 രൂപ തട്ടിയെടുത്തു. പരപ്പനങ്ങാടി സ്വദേശി നിസാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

🔘 വാടാനപ്പള്ളി സംസ്ഥാനപാതയില്‍ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്ത കാരമുക്ക് സ്വദേശികളായ സഹോദരിമാര്‍ക്ക് ഹെല്‍മെറ്റ് ഇല്ല എന്ന് പറഞ്ഞ് പിഴ ചുമത്തി പൊലീസ്. എന്നാല്‍ രണ്ടുപേരും ഹെല്‍മെറ്റ് വെച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം സഹിതം ആണ് ചലാന്‍ അയച്ചു നല്‍കിയത്. പരാതിപ്പെട്ടപ്പോള്‍ എസ്പി ഓഫീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കി

🔘 യമുനാ നദിയിലെ കട്ടിയുള്ള വെളുത്ത വിഷപ്പതയും നുരയും ഭാവിയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നദിയിലെ മലിനീകരണം വര്‍ധിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് വിഷപ്പത.

🔘 94 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാച്ചുമായി ഡല്‍ഹിയിലെത്തിയ യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് 'പാറ്റെക് ഫിലിപ്പ് ആക്വാനട്ട്' മോഡല്‍ വാച്ച് പിടിച്ചെടുത്തത്.

🔘 കുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരസംഘത്തിലെ പ്രധാനിയായ ലഷ്‌കര്‍ ഭീകരന്‍ ലത്തീഫ് ഭട്ടിനെ സേന വധിച്ചു. മുസ്ലിം ആരാധനാലയത്തിന് സമീപം ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിനോട് കീഴടങ്ങാന്‍ സേന നിര്‍ദേശിച്ചിരുന്നു. വിസമ്മതിച്ച ഭീകരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലത്തീഫിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

🔘 ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച സങ്കീര്‍ണം. കോണ്‍ഗ്രസിന് ആദ്യഘട്ടത്തില്‍ 24 സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്നാണ് എസ്പിയുടെ നിലപാട് എന്നാല്‍ 181 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

🔘 കുവൈത്തിലെ മനാഖീഷ് മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന് കീഴിലുള്ള ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനമാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

🔘 മനിലയില്‍ നടന്ന ക്വാഡ് ഉച്ചകോടിയില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കേണ്ട സ്ഥാനം അടയാളപ്പെടുത്താന്‍ തറയില്‍ പതിപ്പിച്ചിരുന്ന ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ ചിത്രമുള്ള കാര്‍ഡ് മോദി എടുത്തു പോക്കറ്റില്‍ സൂക്ഷിച്ചു. ദേശീയ പതാകയോടുള്ള ആദരവാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്ന അടിക്കുറിപ്പോടെ ഒട്ടേറെ പേര്‍ ഈ ദൃശ്യം പങ്കുവെച്ചു.

🔘 ക്വാഡ് ഉച്ചകോടിക്കിടെ തറയില്‍ പതിപ്പിച്ചിരുന്ന ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ ചിത്രമുള്ള കാര്‍ഡ് മോദി എടുത്തു പോക്കറ്റിലിട്ട വീഡിയോയെ പരിഹസിച്ച് മഹുവാ മൊയ്ത്ര എംപി. ഇന്ത്യയെ നാണംകെടുത്താന്‍ മോദിയേപ്പോലെ മറ്റാര്‍ക്കാണ് കഴിയുകയെന്നും ചോദിച്ചു.

🔘 ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കടുത്ത വിമര്‍ശനവുമായി ബിജെപി. ഇന്ത്യയിലെ യുവാക്കളുമായി ബന്ധപ്പെട്ട ചോദ്യത്തിന് തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി നടത്തിയ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്.

🔘 അരവിന്ദ് കെജ്രിവാള്‍ മോടിപിടിപ്പിച്ച് 'കണ്ണാടി മാളിക'യാക്കിയെന്ന വിമര്‍ശനം നേരിടുന്ന മുന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പൊതുജനസന്ദര്‍ശനത്തിന് തുറന്നുകൊടുക്കാനൊരുങ്ങി ബി.ജെ.പി. സര്‍ക്കാര്‍. എ.എ.പി.ക്ക് ഭരണമുള്ള ഏകസംസ്ഥാനമായ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

🔘 ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ വഴി ഹിന്ദു വോട്ടുകള്‍ വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിക്ക് പിന്നാലെ, എസ്എസ്ആര്‍ നടപടികളിലൂടെ സംസ്ഥാനത്ത് ആകെ 18 ലക്ഷത്തിലധികം വോട്ടുകള്‍ കൂടിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി.

🔘 യെമനിലെ ഹൂതികളുടെ 60 സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി അറിയിച്ചു. യെമനിലെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയാണ് ഈ നടപടി സ്വീകരിച്ചത്.

🔘 എ.എഫ്.സി അണ്ടര്‍-17 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനിടെ ഇന്ത്യന്‍ അണ്ടര്‍-17 പുരുഷ ടീം ക്യാപ്റ്റന്‍ ദല്ലാല്‍മുവോണ്‍ ഗാംഗ്‌തെയ്‌ക്കെതിരെ പലസ്തീന്‍ താരം വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് ഔദ്യോഗികമായി പരാതി നല്‍കി.

🔘 ഇന്നത്തെ സ്വര്‍ണവില : 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 12,215 രൂപയും പവന് 97,720 രൂപയുമായി. 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 13,326 രൂപയും പവന് 1,06,608 രൂപയുമായി.

🔘 'വാഴ 2'ന് ശേഷം ഹാഷിര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. 72 ദിവസം നീണ്ടുനിന്ന ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പാക്കപ്പ് ദിനത്തിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.നവാഗതനായ ജെ.എസ്. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ അമീനും. ലുക്മാനും, ചന്തു സലിംകുമാറും, മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണും, മിഡ്നൈറ്റ് സണ്‍ ഫിലിംസിന്റെ ബാനറില്‍ ടോണി ജോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

🔘 ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറെ ജനപ്രീതിയുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പുതുക്കിയ പതിപ്പ് എത്തുന്നു. 2022 അവസാനത്തോടെ വിപണിയിലെത്തിയ പ്രീമിയം എംപിവി ഇതിനകം 2 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഹൈബ്രിഡ് സാങ്കേതികവിദ്യ, വിശാലമായ ഇന്റീരിയര്‍, സുരക്ഷാ ഫീച്ചറുകള്‍, ടൊയോട്ടയുടെ വിശ്വാസ്യത എന്നിവയാണ് വാഹനത്തിന് ഇത്രയധികം സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോഴിതാ, വാഹനത്തിന്റെ ആദ്യത്തെ പ്രധാന ഫെയ്സ്ലിഫ്റ്റ് നവംബര്‍ 25ന് (2026) അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

🔘 മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ആണ് ആദ്യം ഒഴിവാക്കേണ്ടത്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്ത് ചുളിവുകളുണ്ടാക്കാം. അതിനാല്‍ ഇവ ഒഴിവാക്കുക. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. സോസേജ്, ഹോട്ട് ഡോഗ്‌സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്‌കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന് ഒട്ടും നല്ലതല്ല. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. കഫീനിന്റെ അമിത ഉപയോഗവും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 93.66, പൗണ്ട് - 123.58,യൂറോ - 103.08, സ്വിസ് ഫ്രാങ്ക് - 111.59, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 63.15, ബഹ്‌റൈന്‍ ദിനാര്‍ - 249.09, കുവൈത്ത് ദിനാര്‍ - 300.50, ഒമാനി റിയാല്‍ - 243.58, സൗദി റിയാല്‍ - 24.98, യു.എ.ഇ ദിര്‍ഹം - 25.50, ഖത്തര്‍ റിയാല്‍ 25.73, കനേഡിയന്‍ ഡോളര്‍ - 65.48.

Leave A Comment