എറിയാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: യുഡിഎഫ് പാനലിനു വൻ ഭൂരിപക്ഷ ജയം
കൊടുങ്ങല്ലൂർ: എറിയാട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൻ വിജയം നേടിയത്. ആകെ പോൾ ചെയ്ത 4711 വോട്ടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് 3500 നടുത്ത് വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ആകട്ടെ 700 ൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
നിലവിലെ പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് പാനലും എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണിയും തമ്മിലായിരുന്നു മത്സരം. അജേഷ് തൈത്തറ, ഇ.എ. നജീബ് (നാജു), പി.എം. നജീബ് റഹ്മാൻ, കെ.എ. നാസർ കൊല്ലിയിൽ, പി.എസ്. മുജീബ് റഹ്മാൻ, മുഹമ്മദ് സഗീർ പുന്നിലത്ത്, ഒ.കെ. സഹദേവൻ, കെ.ആർ. റാഫി, നസീമ സിദ്ധീഖ്, ലിഷ സുരേഷ്, വാസന്തി ശശി, പി.കെ. ഹരിദാസൻ എന്നിവരാണ് വിജയിച്ചത്. നിക്ഷേപകരുടെ സംവരണത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാത്ഥിയുടെ നോമിനേഷൻ തള്ളിപ്പോയതിനെ തുടർന്ന് യു ഡി എഫ് പാനലിൽ നിന്ന് മത്സരിച്ച അഡ്വ.സക്കീർ ഹുസൈൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വോട്ടെടുപ്പ് നടന്ന എറിയാട് കോസ്മോ പോളിറ്റൻ കണ്വൻഷൻ സെന്ററിനു മുന്പിൽ ഉച്ചയോടെ യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായി. സംഭവ സ്ഥലത്തു നിന്നും കെഎസ്യു നേതാവായ സച്ചിദാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ആളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി വന്നുവെങ്കിലും നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കി.
Leave A Comment