സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം: കോൺഗ്രസ്
തൃശൂര്‍: സഹകരണ ബാങ്കുകളില്‍ സാമ്പത്തിക തട്ടിപ്പിനു നേതൃത്വം നല്കുന്ന സിപിഎം ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ അഖിലേന്ത്യാ നേതൃത്വം തയാറാകണമെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, യുഡിഎഫ് ജില്ലാ ചെയര്മാന് എം.പി. വിന്‍സെന്റ്, കെപിസിസി നിര്‍വാഹകസമിതി അംഗം അനില്‍ അക്കര എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൂസ്പെറ്റ്, കുട്ടനെല്ലൂര്‍, തിരൂര്‍, കോലഴി, വരടിയം, കാരമുക്ക്, ഒല്ലൂക്കര തുടങ്ങി സിപിഎം ഭരിക്കുന്ന 47 സഹകരണ ബാങ്കുകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. റെയ്ഡിനു പിന്നാലെ ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയാറാണെന്നു പറഞ്ഞ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി. മൊയ്തീന് ഇഡി ആവശ്യപ്പെട്ടിട്ടും രണ്ടു തവണയും ഹാജരാകാതിരിക്കുന്നത് ഭയം കൊണ്ടാണ്. ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒളിച്ചുനടക്കുന്ന എ.സി. മൊയ്തീനെ അറസ്റ്റ് ചെയ്യണം.
കഴിഞ്ഞദിവസം ഇഡി അറസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശി സതീശന്, പെരിഞ്ഞനം സ്വദേശി കിരണ്‍ എന്നിവര്‍ മൊയ്തീന്റെയും സിപിഎം നേതാക്കളുടെയും ബിനാമികളാണ്. കിരണ്‍, ബിജു കരിം, അനില്‍ സേഠ്, ബിജോയ്, ജിന്‍സ് എന്നിവര്‍ മാത്രം 138 കോടി രൂപയാണ് തട്ടിയെടുത്തത്. നിലവില്‍ 180 കോടി രൂപയുടെ ബാധ്യതയാണ് ഇവരുടെ പേരിലുള്ളത്. 350 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയ ബാങ്കില്‍ 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയത് സിപിഎമ്മും നേതാക്കളുമായും അടുത്ത ബന്ധമുള്ളവരാണെന്നും പറഞ്ഞു.
Leave A Comment