രാഷ്ട്രീയം

കരുണാകരന്‍റെ കുടുംബം ഗെറ്റ് ഔട്ട്‌ അടിക്കാറില്ല, സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്: മുരളി

തൃശൂർ: കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി സന്ദർശനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്‍റെ അങ്കലാപ്പാണെന്ന്  മുരളീധരൻ പറഞ്ഞു. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. 

"കരുണാകരന്‍റെ കുടുംബത്തിനൊരു പ്രത്യേകതയുണ്ട്.  വീട്ടിൽ വരുന്നത് ശത്രുക്കളാണെങ്കിൽ പോലും മാന്യമായിട്ടേ പെരുമാറൂ. വീട്ടിൽ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല. ചില വീടുകളിൽ ഗെറ്റ് ഔട്ട്‌ അടിച്ചല്ലോ. കെ കരുണാകരന്‍റെ കെയറോഫിൽ 10 വോട്ട് കിട്ടുമെന്ന് ബിജെപി കരുതേണ്ട. മൂന്നാം സ്ഥാനത്തേക്ക് തന്നെ പോകും. രണ്ട് പേർക്കാണ് കേരളത്തിൽ സമനില തെറ്റിയത്. ഒന്ന് ബിജെപിക്ക്, രണ്ട് കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക്"- മുരളീധരൻ പറഞ്ഞു. 

കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സുരേഷ് ഗോപി ഇന്ന് സന്ദർശനം നടത്തിയിരുന്നു. താൻ അവിടെപോയി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. യോഗ്യമെന്ന് തോന്നുന്നതാണ് വ്യക്തികൾ ചെയ്യുക. വ്യക്തികളുടെ ബലാബലത്തിലാവും തന്റെ വിജയമെന്നും അദ്ദേഹം പറ‌ഞ്ഞു. മുരളീധരനായി ചുമരെഴുതിയ ബന്ധു വീട്ടിലാണ് സുരേഷ് ഗോപിയെത്തിയത്.

Leave A Comment