ധവളപത്രത്തിന്റെ ഗണ്യമായ ഭാഗം എഐ വഴി തയ്യാറാക്കിയത്: തോമസ് ഐസക്
തിരുവനന്തപുരം: സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐയുടെ സഹായത്തോടെ ആണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. ധവളപത്രത്തിന്റെ ഗണ്യമായ ഭാഗം എഐ വഴിയാണ് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. ധനവകുപ്പിലെ രഹസ്യ രേഖകളടക്കം എ ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് വിശകലനം ചെയ്തിട്ടുളളതെന്നും 195 പേജ് വരുന്ന രേഖ ഒരാഴ്ച്ച കൊണ്ട് തയ്യാറാക്കിയപ്പോള്‍ തന്നെ അത്ഭുതം തോന്നിയിരുന്നെന്നും തോമസ് ഐസക് പറഞ്ഞു.
'എഐ ഉപയോഗിക്കുന്നതിന് ഞാന്‍ എതിരല്ല. പക്ഷെ പ്രശ്‌നം രഹസ്യ രേഖകളെല്ലാം പബ്ലിക് ഡൊമെയ്‌നിലേക്ക് നല്‍കിയിരിക്കുകയാണ് ഇവിടെ. രഹസ്യ രേഖകള്‍ വിശകലനം ചെയ്യുന്നതിനുളള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണിത്. സുപ്രീംകോടതിയും ഹൈക്കോടതിയും കേന്ദ്ര ധനകാര്യ വകുപ്പും കേരളാ സര്‍ക്കാരും അത് വിലക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ഡിജിറ്റല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ലംഘനമാണ് നടന്നത്. എങ്ങനെയാണ് ഇത്തരത്തിലുളള അബദ്ധങ്ങള്‍ ധവളപത്രത്തില്‍ വന്നതെന്ന് ഇപ്പോള്‍ മനസിലായി. കേരളത്തിലെ വികസന ചെലവ് മറ്റ് സംസ്ഥാനങ്ങളുടെ പകുതിയേക്കാള്‍ കുറവായി കാണിക്കുന്നു, ഇതെങ്ങനെ വരുമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഇപ്പോഴാണ് മനസിലായത്. എഐയിലെ റിസര്‍വ്വ് ബാങ്ക് ഡാറ്റയാണ് അതിനായി ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണം ആര്‍ബിഐ ഡാറ്റയില്‍ ഉള്‍പ്പെടില്ല. അതിന്റെ ഫലമായി മൊത്തം കണക്കുകളും മാറി. ഇതൊരു ഉദാഹരണമാണ്. ഇതുപോലെ പല അബദ്ധങ്ങളും വസ്തുതാവിരുദ്ധമായ വിവരങ്ങളും ഉളളതാണ് ധവളപത്രം': തോമസ് ഐസക് പറഞ്ഞു.
Leave A Comment