രാഷ്ട്രീയം

കരുവന്നൂർ കേസ് നിയമപരമായി നേരിടും: കെ വി അബ്ദുൾഖാദർ

തൃശൂർ: കരുവന്നൂർ കേസ് നിയമപരമായി നേരിടുമെന്ന് സിപിഐഎം തൃശൂ‍ർ‌ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. പാർട്ടിക്കെതിരെ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ നേരിടുമെന്നും അബ്ദുൾ ഖാദർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ കേസ് എടുക്കുന്നത് ജനാധിപത്യപരമല്ലെന്നും അബ്ദുൾ ഖാദർ ചൂണ്ടിക്കാണിച്ചു.

ഇഡി രാഷ്ട്രീയ താൽപര്യത്തിന് വിധേയമായ ഒരുപാട് പ്രചാരണങ്ങൾ മുൻപ് നടത്തിയിരുന്നു. പരമോന്നത കോടതിയിൽ പോകേണ്ടിവന്നാലും നിയമപരമായി കേസിനെ നേരിടും. ഒരുതരം വേട്ടയാടലുകൾക്ക് മുന്നിലും സിപിഐഎം മുട്ടുമടക്കില്ലെന്നും അബ്ദുൾ ഖാദർ വ്യക്തമാക്കി.

കരുവന്നൂർ കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് സിപിഐഎം നേതാവ് എ സി മൊയ്‌തീനും വ്യക്തമാക്കിയിട്ടുണ്ട്. പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദമാണ് അംഗീകരിച്ചതെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് ആണിതെന്നും എ സി മൊയ്തീൻ ആരോപിച്ചു. രാഷ്ട്രീയമായി ബിജെപിയും കോൺ​ഗ്രസും ഇത് ഉപയോഗിക്കുന്നുവെന്നും എ സി മൊയ്തീൻ പറഞ്ഞു. സംഘടനയെ പ്രതിയാക്കുന്നതിന് എന്ത് ന്യായമാണുള്ളതെന്നും എ സി മൊയ്തീൻ ചോദിച്ചു. ഇതിന് മുകളിലും കോടതിയുണ്ടെന്ന് വ്യക്തമാക്കിയ എ സി മെയ്തീൻ ഇന്ത്യയിൽ നടക്കുന്ന ഇ ഡി അന്വേഷണങ്ങളിൽ ബിജെപിക്ക് പങ്കുണ്ടെന്നും ആരോപിച്ചു. ഇതിൽ സുരേഷ് ഗോപിയുടെ പങ്കും ഉണ്ടാകാമെന്നും കേസെടുക്കുക എന്നുള്ളത് രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നതാണെന്നും എ സി മൊയ്തീൻ കൂട്ടിച്ചേർത്തു.

Leave A Comment