DYFI നേതാക്കൾ ‘പൂക്കി’കൾ ആകരുത്; നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം
പാലക്കാട്: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. സംഘടനയുടെ പ്രവർത്തന ശൈലിയെയും നേതൃത്വത്തിന്റെ നിലപാടുകളെയും വിമർശിച്ചുകൊണ്ടാണ് പ്രതിനിധികൾ ആത്മവിമർശനം നടത്തിയത്.
പുതുതലമുറയെ ആകർഷിക്കുകയെന്ന പേരിൽ നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുത്ത് ‘പൂക്കികൾ’ ആകാൻ ശ്രമിക്കരുതെന്നും, ലഘുവായ ചർച്ചകൾക്ക് പകരം രാഷ്ട്രീയ ഗൗരവമുള്ള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്ന ചർച്ചകളിൽ പങ്കെടുക്കണമെന്നുമാണ് സമ്മേളനത്തിൽ അഭിപ്രായമുയർന്നത്.
കഴിഞ്ഞ പത്ത് വർഷമായി സംഘടനയുടെ പ്രവർത്തനത്തിൽ വലിയ വീഴ്ച സംഭവിച്ചെന്നും, ഡി.വൈ.എഫ്.ഐ എൽ.ഡി.എഫ് സർക്കാരിന്റെ പി.ആർ സംവിധാനമായി ചുരുങ്ങിയെന്നുമുള്ള വിമർശനവും ഉയർന്നു. ജനകീയ സമരങ്ങളിൽ നിന്ന് സംഘടന വിട്ടുനിന്നത് പൊതുസമൂഹത്തിൽ തിരിച്ചടിയുണ്ടാക്കിയതായും സി.പി.ഒ റാങ്ക് ലിസ്റ്റ് സമരമടക്കമുള്ള വിഷയങ്ങളിൽ യുവാക്കൾക്ക് ഡി.വൈ.എഫ്.ഐയിലുള്ള വിശ്വാസം കുറഞ്ഞതായും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
അഖിലേന്ത്യാ തലത്തിൽ ഡി.വൈ.എഫ്.ഐ ഏറ്റെടുക്കേണ്ട സമരങ്ങൾ എസ്.എഫ്.ഐയാണ് മുന്നിൽ നിന്ന് നയിക്കുന്നതെന്നും, ഇത് ദേശീയ നേതൃത്വത്തിന്റെ നിഷ്ക്രിയത്വത്തിന്റെ ഫലമാണെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. പാലക്കാട് ജില്ലയിലെ ചില നേതാക്കൾ അവസരവാദ രാഷ്ട്രീയം പിന്തുടരുന്നതായും സ്വന്തം താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതായും സമ്മേളനത്തിൽ ആരോപണമുയർന്നു.
Leave A Comment