സ്വാതന്ത്ര്യദിനാചരണം: വിദ്യാർത്ഥികളെ അധിക്ഷേപിച്ച സ്കൂൾ ഉടമയുടെ പ്രസ്താവന പ്രതിഷേധാർഹം: എസ്.എഫ്.ഐ
തൃശൂർ: രാജ്യം എൺപതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യദിനാചരണത്തിന് സ്കൂളിൽ എത്താൻ കഴിയാതിരുന്ന വിദ്യാർത്ഥികളോട് പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ് അധിക്ഷേപിച്ച മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സൈനിക സ്കൂൾ ഉടമയുടെ പ്രസ്താവന തികച്ചും പ്രതിഷേധാർഹമാണെന്ന് എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി.
രാജ്യസ്നേഹത്തിനും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനാചരണങ്ങൾക്കും സംഘപരിവാരം പുതിയ മാനങ്ങൾ നിശ്ചയിച്ച് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ, തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്നവരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന 'പാകിസ്ഥാൻ' പ്രയോഗം കുട്ടികളെ അപമാനിക്കാൻ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
സ്കൂളിൽ ഹാജരാകാതിരുന്ന വിദ്യാർത്ഥികൾ സ്കൂൾ ഉടമയ്ക്ക് നേരിട്ട് വിശദീകരണം നൽകണമെന്ന നിർദേശവും നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവില്ലാത്ത നടപടിയാണ്.
ഇന്ത്യൻ ഭരണഘടനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായും വിദ്യാർത്ഥികളുടെ രാജ്യസ്നേഹത്തിന് വിഘാതമേൽപ്പിക്കുന്ന തരത്തിലുമുള്ള ഇത്തരം പ്രസ്താവനകൾ നടത്തിയ സ്കൂൾ ഉടമയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Leave A Comment