രാഷ്ട്രീയം

'ട്വന്റി-20 വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ആകർഷകമാക്കിയ കൊടിയ വിഷം' രാജിവച്ച് ജില്ലാ കോഡിനേറ്റര്‍

കൊച്ചി: വ്യവസായി സാബു എം. ജേക്കബിന്റെ ട്വന്റി-20യില്‍ നിന്നും രാജിവയ്ക്കുന്നുവെന്ന് എറണാകുളം ജില്ലാ കോഡിനേറ്റര്‍ അസ്‌ലഫ് പാറേക്കാടന്‍. രാജിവയ്ക്കുന്നതായി ബന്ധപ്പെട്ടുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സാബു എം. ജേക്കബിനും ട്വന്റി-20ക്കുമെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.

വ്യവസായി സാബു എം. ജേക്കബ് നേതൃത്വം കൊടുക്കുന്ന ട്വന്റി-20യുടെ അധികമാര്‍ക്കുമറിയാത്ത കപട രാഷ്ട്രിയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാന്‍ സാധിക്കാത്തത് മൂലമാണ് 20-20 യില്‍ നിന്നും താന്‍ രാജി വയ്ക്കുന്നത്.ചെറിയ കാലയളവില്‍ തന്നെ ട്വന്റി-20 എന്താണെന്ന് തനിക്ക് മനസിലാക്കാന്‍ സാധിച്ചുവെന്നും ഈ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറായത് പൊതു പ്രവര്‍ത്തന ജീവിതത്തിലെ തന്നെ വലിയ തെറ്റായിരുന്നുവെന്നും അസ്‌ലഫ് പറയുന്നു.

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ നടപ്പാക്കാന്‍ അയാള്‍ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് ട്വന്റി-20. പുറമെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ആകര്‍ഷകമാക്കിയ കൊടിയ വിഷമാണ് ട്വിന്റി-20. സംഘപരിവാറിനും ബിജെപിക്കും രാഷ്ട്രീയ കേരളത്തിലേക്ക് ചുവടുറപ്പിക്കാന്‍ സബ്‌കോണ്‍ട്രാക്ട് ഏറ്റെടുത്ത സാബു ജേക്കബിന്റെ ട്വന്റി -20 എന്ന ഉട്ടോപ്യന്‍ സ്വര്‍ഗ ലോകത്തിന്റെ യഥാര്‍ഥ മുഖമെന്താണെന്നു കേരള ജനതയെ അറിയിക്കാനുള്ള നിയോഗമുള്ളതിനാലായിരിക്കും എന്റെ രാഷ്ട്രീയ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത 20-20 യില്‍ ഞാന്‍ എത്തിച്ചേര്‍ന്നതെന്നും അസ്‌ലഫ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയമുള്ളവരേ,

ട്വന്റി -ട്വന്റിയില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നു. വളരെ ചെറിയൊരു കാലയളവില്‍ 20-20 എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ എന്ന നിലയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. എന്റെ പൊതുപ്രവര്‍ത്തന ജീവിതത്തിലെ ഒരു തെറ്റായ തീരുമാനമായാണ് 20-20 യുടെ കൂടെ പ്രവര്‍ത്തിച്ച ഈ കാലയളവിനെ ഞാന്‍ കണക്കാക്കുന്നത്.പൊതുപ്രവത്തകര്‍ക്കും ചിലപ്പോള്‍ തെറ്റുകള്‍ പറ്റാം,പക്ഷെ ആ തെറ്റിനെ ന്യായികരിച്ചു ജനങ്ങളെ വഞ്ചിക്കാതെ അത് തുറന്നു സമ്മതിക്കുന്നവനാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള യഥാര്‍ത്ഥ പൊതുപ്രവത്തകനെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഈ ചെറിയ കാലയളവില്‍ തന്നെ എന്താണ് യഥാര്‍ത്ഥത്തില്‍ ട്വന്റി-20 എന്നെനിക്ക് തിരിച്ചറിയാന്‍ സാധിച്ചു.

വ്യവസായി ശ്രീ. സാബു എം ജേക്കബ് നേതൃത്വം കൊടുക്കുന്ന 20 -20 യുടെ അധികമാര്‍ക്കുമറിയാത്ത കപട രാഷ്ട്രിയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാന്‍ സാധിക്കാത്തത് മൂലമാണ് 20-20 യില്‍ നിന്നും ഞാന്‍ രാജി വെയ്ക്കുന്നത്.പുറമെ വര്‍ണക്കടലാസ്സില്‍ പൊതിഞ്ഞു ആകര്‍ഷകമാക്കിയ കൊടിയ വിഷമാണ് ശ്രീ. സാബു എം ജേക്കബിന്റെ 20-20. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നടപ്പാക്കാന്‍ അയാള്‍ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് 20-20.

ഇന്നിപ്പോള്‍ കുന്നത്തുനാടിന് പുറത്തേക്കു തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുന്ന ട്വന്റി -20 ഉത്തരേന്ത്യന്‍ പി.ആര്‍ ടീമിനെ രംഗത്തിറക്കി, കേരളത്തിലെ ജനങ്ങളോട് ഇല്ലാകഥകള്‍ പറഞ്ഞും രാഷ്ട്രിയ വിവാദങ്ങള്‍ ഉണ്ടാക്കിയും ശ്രദ്ധ നേടാനുള്ള ശ്രമമാണ് നടത്തുന്നത്.പതുക്കെ പതുക്കെ സംഘപരിവാറിന് -BJP രാഷ്ട്രീയത്തിന് കേരളത്തിലേക്ക് ചുവടുറപ്പിക്കാനായി സബ്‌കോണ്‍ട്രാക്ട് ഏറ്റെടുത്ത ശ്രീ. സാബു എം ജേക്കബിന്റെ ട്വന്റി -20 എന്ന ഉട്ടോപ്യന്‍ സ്വര്‍ഗ ലോകത്തിന്റെ യഥാര്‍ത്ഥ മുഖമെന്താണെന്നു കേരള ജനതയെ അറിയിക്കാനുള്ള നിയോഗമുള്ളതിനാലായിരിക്കും എന്റെ രാഷ്ട്രിയ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത 20-20 യില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്.സാബു എം. ജേക്കബിന്റെ 20-20 എന്ന സ്ലോ പോയ്‌സണ്‍ എന്താണെന്ന് ജനങ്ങളുടെ മുന്നില്‍ വരും ദിവസങ്ങളില്‍ തുറന്നുകാട്ടാനുള്ള ദൗത്യം ഞാന്‍ സധൈര്യം ഏറ്റെടുക്കുന്നു.

Leave A Comment