രാഷ്ട്രീയം

കോണ്‍ഗ്രസില്‍ സീറ്റില്ല; അഖില്‍ മാരാര്‍ ട്വന്റി-20യില്‍

കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്റി-20യില്‍. വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം അഖില്‍ മാരാര്‍ അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അഖില്‍ മാരാര്‍. പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ് അഖില്‍ മാരാര്‍.

ഇടക്കാലത്ത് കുറച്ചു കാലം ബിജെപിയില്‍ പോയിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി വീണ്ടും അടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ മാരാറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അടക്കം യുഡിഎഫുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. സീറ്റ് ചര്‍ച്ചയ്ക്കിടെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അതിന് വഴങ്ങിയില്ല. ഇതോടെ അഖില്‍ മാരാര്‍ കളം മാറ്റിപ്പിടിച്ചു. നേമം, ചടയമംഗലം, ധര്‍മ്മടം തുടങ്ങിയ സീറ്റുകള്‍ ചോദിച്ചു. അതിനും കോണ്‍ഗ്രസ് വഴങ്ങാതെ വന്നതോടെയാണ് കോണ്‍ഗ്രസുമായി അഖില്‍ മാരാര്‍ അകന്നത്.

Leave A Comment