രാഷ്ട്രീയം

പാർട്ടിഫണ്ടും രക്തസാക്ഷി ഫണ്ടും വെട്ടിച്ചു; പയ്യന്നൂർ MLA ക്കെതിരെ CPM നേതാവ്

കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പയ്യന്നൂർ എംഎൽഎയുമായ ടി.ഐ മധുസൂദനനെതിരേ ഗുരുതര ആരോപണങ്ങളുമായി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറിയുമായിരുന്ന വി. കുഞ്ഞികൃഷ്ണൻ.

മധുസൂദനൻ എംഎൽഎ പയ്യന്നൂർ ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കാലയളവിൽ നടന്ന മൂന്ന് പ്രധാന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചാണ് വി. കുഞ്ഞികൃഷ്ണൻ വെള്ളിയാഴ്ച്‌ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലാണ് തിരിമറി നടന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. സിപിഎം രക്തസാക്ഷി സി.വി. ധനരാജിൻ്റെ കുടുംബസഹായത്തിനായി പിരിച്ച ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ വകമാറ്റി ചെലവാക്കി.

ഏരിയ കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവിലും ചിട്ടിയിലും നിന്ന് 72 ലക്ഷം രൂപ വകമാറ്റുകയോ തട്ടിയെടുക്കുകയോ ചെയ്തു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് ഒരു കോടി ഒമ്പത് ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായും വി. കുഞ്ഞികൃഷ്‌ണൻ ആരോപിച്ചു. ഇതോടൊപ്പം സിപിഎം നിയന്ത്രണത്തിലുള്ള റൂറൽ ബാങ്കിന് വേണ്ടി, ഏക്കറിന് മൂന്ന് ലക്ഷം രൂപ മാത്രം വിലയുള്ള ഭൂമി എട്ടു ലക്ഷം രൂപയ്ക്ക് വാങ്ങി.

ടി.ഐ. മധുസൂദനൻ്റെ ബന്ധുവിൻ്റെ ഉടമസ്ഥതയിലായിരുന്ന ഈ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതായിരുന്നുവെന്നും അതിനാൽ തന്നെ ഇതിപ്പോൾ ഉപയോഗശൂന്യവുമായിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിച്ച് പ്രവർത്തിക്കുന്ന ഒരു പാർട്ടി ആ ഫണ്ടിൽ കൃത്രിമം കാണിക്കുക എന്ന് പറഞ്ഞാൽ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. 2016 ജനുവരിയിലാണ് ധനരാജ് ഫണ്ട് പിരിവ് നടക്കുന്നത്. അതുവരെ എല്ലാം കൈകാര്യം ചെയ്‌തത്‌ അന്ന് ഏരിയ സെക്രട്ടറിയായിരുന്ന ടി.ഐ മധുസൂധനൻ തന്നെയായിരുന്നു. ആ നിലയിൽ തിരിമറിയുടെ ഉത്തരവാദിത്തവും ഏരിയ സെക്രട്ടറിക്കാണ്.

പിന്നീട് കെ.പി മധു ഏരിയ സെക്രട്ടറി ആയി വന്നു അതിനുശേഷമുള്ള കാര്യങ്ങളിൽ കെ.പി മധുവിനും ഉത്തരവാദിത്തമുണ്ട്. കെട്ടിട നിർമാണ ഫണ്ടിൽ പിരിവിനുള്ള രസീതിൽ എംഎൽഎ തിരിമറി നടത്തി. വ്യാജ രസീത് പ്രിൻ്റ് ചെയ്യിച്ചു വരവിലും ചെലവിലും ക്രമക്കേടുകൾ കണ്ടെത്തിയെന്നും കുഞ്ഞികൃഷ്ണ‌ൻ പറയുന്നു.

Leave A Comment