LDF വിടണമെന്ന് RJDയിലെ ഒരു വിഭാഗം; LDFൽ ഒന്നും കിട്ടാനില്ലെന്ന് ശ്രേയാംസ് കുമാർ
തിരുവനന്തപുരം: ഇടതുമുന്നണി വിടണമെന്ന ആവശ്യവുമായി ആർജെഡിയിലെ ഒരു വിഭാഗം. പാർട്ടി യോഗത്തിൽ നാല് ജില്ലാ കമ്മിറ്റികൾ മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചു.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ കമ്മിറ്റികളാണ് യുഡിഎഫിലേക്ക് പോകണമെന്ന നിലപാട് എടുത്തത്. സംസ്ഥാന സെക്രട്ടറിമാരായ എൻ കെ വത്സൻ, യൂജിൻ മൊറോളി എന്നിവരും മുന്നണിമാറ്റം ആവശ്യപ്പെട്ടുവെന്നാണ് സൂചന.
എല്ലാവരും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്‌കുമാറിനെ പിന്തുണക്കുന്നവരാണ്. എന്നാൽ മുന്നണി മാറ്റം എന്ന ആവശ്യത്തിന് യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല.
നീലലോഹിതദാസൻ നാടാർ, കെ പി മോഹനൻ, സലീം മടവൂർ, മനയത്ത് ചന്ദ്രൻ, സബാഹ് പുൽപ്പറ്റ തുടങ്ങിയ സംസ്ഥാന നേതാക്കൾ എതിർപ്പ് അറിയിച്ചതായാണ് വിവരം. ഈ സമയത്തെ മുന്നണി മാറ്റം വലിയതോതിൽ പാർട്ടിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടിയാകുമെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്.
എന്നാൽ ഇവിടെ നിന്നാൽ കാര്യമായിട്ടൊന്നും പ്രതീക്ഷിക്കണ്ട എന്ന നിലപാടാണ് എം വി ശ്രേയാംസ് കുമാർ യോഗത്തിലെടുത്തതെന്നാണ് വിവരം.
Leave A Comment