ശബരിമല വിവാദം ബാധിക്കില്ല; എൽഡിഎഫ് ചരിത്ര വിജയം നേടും: മുഖ്യമന്ത്രി
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജനങ്ങൾ ഇടത് പക്ഷത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി പഞ്ചായത്തിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. വലിയ പിന്തുണയാണ് എൽഡിഎഫിന് ലഭിച്ചത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.'-മുഖ്യമന്ത്രി അവകാശപ്പെട്ടു.
"ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിഷയത്തിൽ സർക്കാർ കർക്കശമായ നിലപാടെടുത്തു. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ കൃത്യതയോടെയുള്ള നടപടികൾ ഉണ്ടാകില്ലായിരുന്നു. വിശ്വാസികളുടെ പിന്തുണ സർക്കാരിനാണ്.'-മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം സമൂഹം തള്ളിക്കളഞ്ഞതാണെന്നും. മുസ്ലിങ്ങളെ യുഡിഎഫിന് അനുകൂലമാക്കാനാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യാഥാർഥ്യമാകാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
"കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്? എന്തുകൊണ്ടാണ് സ്ത്രീകൾ തെളിവുമായി മുന്നോട്ടുവരാൻ തയ്യാറാകാതിരുന്നത്. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളും എന്നാണ് ഇരകളെ ഭീഷണിപ്പെടുത്തിയത്.'-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
"ഇപ്പോൾ വന്നതിനേക്കാളും അപ്പുറത്തുള്ള കാര്യങ്ങളും പുറത്തുവന്നേക്കാം. യഥാർഥ ലൈംഗിക കുറ്റവാളികൾ നാടിന് മുൻപിൽ വെൽ ഡ്രാഫ്റ്റഡ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ അതൊന്നും പൊതുസമൂഹം അംഗീകരിക്കില്ല.'-മുഖ്യമന്ത്രി പറഞ്ഞു.
Leave A Comment