'ആ മനസ് എനിക്ക് അറിയാം, സുധാകരൻ ബിജെപിക്ക് ഒപ്പമാണ്'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെ. സുധാകരന്‍റെ ആർഎസ്എസ് അനുകൂല വിവാദ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സുധാകരന്‍റെ മനസ് ബിജെപിക്ക് ഒപ്പമാണ്. സമാന ചിന്താഗതിക്കാർ കോൺഗ്രസിൽ നിരവധിപ്പേരുണ്ട്. കോൺഗ്രസ് നേതാക്കൾക്ക് വേറെ ഓപ്ഷൻ ഇല്ലാതായെന്നും സുരേന്ദ്രൻ പറഞ്ഞു.
കെപിസിസി അധ്യക്ഷനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല. കോൺഗ്രസ് നേതാക്കളിൽ പലരും അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സുധാകരനെതിരേ രംഗത്തുവന്ന മുസ്ലിം ലീഗിനെതിരേയും സുരേന്ദ്രൻ വിമർശനം നടത്തി. കെ. സുധാകരനെ ചാരി ലീഗ് ഇടതു മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണ്. ലീഗ് കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ലീഗ് ആണോ കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
Leave A Comment