സവർക്കർ പുരസ്കാരം നിരസിച്ച് ശശി തരൂർ
ന്യൂഡൽഹി: പ്രഥമ സവർക്കർ പുരസ്കാരം ശശി തരൂർ എംപിക്ക് പ്രഖ്യാപിച്ചെങ്കിലും ഏറ്റുവാങ്ങില്ലെന്നു പ്രതികരിച്ച് എംപിയുടെ ഓഫീസ്. എന്നാൽ, അവാർഡ് ദാനത്തിനു തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നു സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
തരൂരിന്റെ പ്രതികരണത്തിനായി മാധ്യമങ്ങൾ വീട്ടിലെത്തിയെങ്കിലും അദ്ദേഹം നേരിട്ടു പ്രതികരിക്കാൻ തയാറായില്ല. പിന്നീട് ഓഫീസ് ആണ് നിലപാട് അറിയിച്ചത്. തരൂർ സർവർക്കറുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ നേരത്തെ കോൺഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പാർട്ടിയോട് തരൂർ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞിരുന്നു.
കോൺഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതിനിടെയാണ് പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് തരൂരിന്റെ ഒാഫീസ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന സർവർക്കറുടെ പേരിലുള്ള പുരസ്കാരം തരൂർ ഏറ്റുവാങ്ങിയാൽ കോൺഗ്രസ് കടുത്ത വിഷമഘട്ടത്തിലാകുമായിരുന്നു. അവാർഡ് ദാനം നടക്കുന്ന ദിവസം മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കോൽക്കത്തയിലേക്കു പോകുമെന്നും തരൂരിന്റെ ഓഫീസ് അറിയിച്ചു.
Leave A Comment