'ഷോ മീ ദ സീൻ, പരിക്കേറ്റെന്നത് വിശ്വസിക്കാനാകില്ല' ; സണ്ണി ജോസഫ്
കൊച്ചി: കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിയെ പരിക്കേൽപിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ലെന്നും പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആരും മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരിക്കേൽപ്പിക്കുന്നതോ പരിക്കോ താൻ ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
മന്ത്രിമാരുടെ ദേഹത്ത് കരിഓയിൽ ഒഴിച്ച സംഭവവും മുഖ്യമന്ത്രിക്ക് കല്ലേറ് ഏറ്റ സംഭവവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് നേരെ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുണ്ടോയെന്നും അവരെ പ്രതിഷേധക്കാർ തൊട്ടിട്ടുണ്ടോയെന്നും പരിക്കേറ്റിട്ടുണ്ടോ എന്നും അന്വേഷിക്കണം.
പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ല. കെഎസ്‌യു പ്രവർത്തകർ സംഭവത്തെ പൂർണമായി നിഷേധിച്ചിട്ടുണ്ട്. മന്ത്രിയെ പരിക്കേൽപിച്ചതായി അവർ സമ്മതിച്ചിട്ടില്ല, ദൃശ്യമാധ്യമങ്ങളിലും അത് കണ്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പൊലീസുമായി ബലപ്രയോഗം ഉണ്ടായി എന്നത് ശരിയാണ്, എന്നാൽ മന്ത്രിയെ പരിക്കേൽപിക്കുന്നതിന്റെ ദൃശ്യം എവിടെയും കണ്ടില്ല. കെഎസ്‌യു നിഷേധിച്ച സാഹചര്യത്തിൽ ദൃശ്യങ്ങൾ നിർണായകമാണ്. അത്തരം ദൃശ്യങ്ങൾ കാണിച്ചു തന്നാൽ വിശ്വസിക്കാം.
തന്റെ യുക്തിഭദ്രതയിൽ അത് അതേപടി വിശ്വസനീയമല്ല. അത്രയും ദൃശ്യമാധ്യമങ്ങളുടെ മുന്നിൽവെച്ച് കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ തൊട്ടാൽ അത് കാണിക്കാൻ കഴിയുമായിരുന്നു. ദൃശ്യങ്ങൾ കാണിച്ച് ബോധ്യപ്പെടാത്ത പക്ഷം താനത് വിശ്വസിക്കുന്നില്ല. യൂ ഷോ മീ ദി സീൻ എന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Leave A Comment