പ്രധാന വാർത്തകൾ

വെള്ളാങ്ങല്ലൂരില്‍ ജലനിധി ഉപഭോക്താക്കളുടെ വെള്ളക്കരം വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ

വെള്ളാങ്ങല്ലൂര്‍:  വെള്ളാങ്ങല്ലൂരില്‍ ജലനിധി ഉപഭോക്താക്കളുടെ വെള്ളക്കരം വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ. ജലനിധി സ്കീം ലെവല്‍ കമ്മിറ്റിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് താരിഫ് സമര്‍പ്പിച്ചത്.ഓഗസ്റ്റ് മുതല്‍ വര്‍ദ്ധിപ്പിയ്ക്കാനാണ് തീരുമാനം. ജലനിധി തീരുമാനത്തിനെതിരെ പ്രതിപക്ഷം  പ്രതിഷേധത്തിലാണ്. 



പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ യുഡിഎഫ് ഗവൺമെൻറ് കൊണ്ടുവന്ന പദ്ധതിയാണ് ജലനിധി എന്നാൽ  കെടു കാര്യസ്ഥത മൂലം  പദ്ധതി ജനങ്ങളെ കൊള്ളയടിക്കുന്നതായി  മാറ്റി, ഇക്കഴിഞ്ഞ വേനലിൽ ജനങ്ങൾ കുടിവെള്ളത്തിനായി 20 ദിവസം വരെ കാത്ത് നിന്നു.  

15,000 ലിറ്റർ വരെ കുടിവെള്ളം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി വാട്ടർ അതോറിറ്റി വിതരണം നടത്തുന്നുണ്ട്. എന്നാൽ  വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ 5000 ലിറ്റർ കുടിവെള്ളം എടുക്കുന്നവരും 120 രൂപ ജലനിധിക്ക്  കരം  അടയ്ക്കണമെന്നാണ് ജലനിധിയുടെ പക്ഷം. 15,000 ലിറ്റർ കുടിവെള്ളത്തിന് 144 രൂപ 10 പൈസ വാട്ടർ അതോറിറ്റി വാങ്ങുമ്പോൾ ജലനിധി 15000 ലിറ്റർ കുടിവെള്ളത്തിന് 365 രൂപയാണ് ആവശ്യപ്പെടുന്നത്. 



വെള്ളാങ്കല്ലൂർ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയില്‍ ഉള്ള  നാരായണമംഗലം മുതൽ വാട്ടർ അതോറിറ്റിയുടെ കുറഞ്ഞ നിരക്കിൽ ഉള്ള ജലം ലഭിക്കുമ്പോൾ വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ പൊതുജനങ്ങളെ പിഴിയുന്ന നടപടിയാണ് ജലനിധി സ്വീകരിക്കുന്നത്. ഭീമമായ കരം ജനങ്ങളിൽ നിന്നും ഈടാക്കിയിട്ടും കോടി കണക്കിന്  രൂപ വാട്ടർ അതോറിറ്റിക്ക് കുടിശ്ശികയായി. ലഭ്യമായ കണക്കുകള്‍ പ്രകാരം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ജലനിധി രണ്ടുകോടി മുപ്പത്തിയെട്ടായിരത്തി മുന്നൂറ്റി എഴുപത്തെട്ടു രൂപ വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുണ്ട്.

 

 നിലവില്‍ 1000 ലിറ്റർ വെള്ളം വാട്ടർ അതോറിറ്റി ജലനിധിക്ക് കൊടുക്കുമ്പോൾ ആകെ വാങ്ങുന്നത് 16 രൂപ 62 പൈസ മാത്രമാണ് ഇതേ ജലം ജലനിധി ഉപഭോക്താവിന് നല്‍കുമ്പോള്‍   10000 ലിറ്റർ വെള്ളത്തിന് 220 രൂപയാണ് ഈടാക്കുന്നത്. പകല്‍ക്കൊള്ള എന്ന് സാരം. 

പഞ്ചായത്തില്‍ ചെലവഴിക്കുന്ന ഓരോ രൂപക്കും സ്റ്റേറ്റ്, ലോക്കല്‍ ഓഡിറ്റിംഗ് ഉണ്ടെന്നിരിക്കെ ജലനിധി സാധാരണക്കാരനില്‍ നിന്ന് വാങ്ങുന്ന പണത്തിനോ അറ്റകുറ്റപണികള്‍ക്ക് ചെലവഴിച്ച തുകക്കോ ഓഡിറ്റിംഗ് ബാധകമല്ല എന്നതാണ് കൊള്ളക്കുള്ള എളുപ്പവഴി. 

ശുദ്ധമായ കുടിവെള്ളം ലഭിക്കുക എന്നത് പൗരന്റെ മൗലിക അവകാശമാണ് ഭരണഘടന അനുവദിച്ചിട്ടുള്ള ഈ സ്വാതന്ത്ര്യം ഹനിക്കാൻ ജലനിധി ക്കോ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കോ അധികാരമില്ലാത്തതാണ്. 

വില വര്‍ദ്ധനവ്‌ നിലവില്‍ വന്നാല്‍ അയ്യായിരം ലിറ്റര്‍ വരെ 120 രൂപയും 5001 മുതല്‍ 10000  ലിറ്റര്‍   വരെ 200 രൂപയും അടക്കണം. നേരത്തെ ഇത് യഥാക്രമം 70 രൂപയും 100 രൂപയും ആയിരുന്നു. ഗാര്‍ഹികേതര വിഭാഗത്തിന് 10000 ലിറ്റര്‍ വരെയുള്ള ഉപഭോക്താക്കള്‍ 250  രൂപ അടക്കണം. നിലവില്‍ ഇത് 150 രൂപയായിരുന്നു.30000 ലിറ്റര്‍ ഉപയോഗിക്കുന്ന ഉപഭോക്താവ് 1225 രൂപ അടക്കണം. ഗാര്‍ഹികേതര ഉപഭോക്താവിന് ഇത് 3575 രൂപയാണ്. പഞ്ചായത്ത്  കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് വില വര്‍ദ്ധന നിലവില്‍ വരും.  വെള്ളക്കരം വർദ്ധിപ്പിച്ചാൽ ഇതിനെതിരെ ഹൈകോടതിയെ  സമീപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ എം എച്ച് ബഷീർ കോൺഗ്രസ് നേതാവ് സാബു കണ്ടത്തിൽ എന്നിവർ അറിയിച്ചു.

Leave A Comment