പാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
പുതുക്കാട്: പാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. കുണ്ടായി ചൂളയ്ക്കൽ ഭാസ്കരൻ (64) ആണ് പരിക്കേറ്റത്. കാലിനും പുറത്തും പരിക്കേറ്റ ഭാസ്കരൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹാരിസൺ കമ്പനിയുടെ കുണ്ടായി എസ്റ്റേറ്റിലാണ് സംഭവം.
പുഴയിൽ നിന്ന് കയറിവന്ന കൊമ്പൻ ടാപ്പിംഗ് നടത്തിയിരുന്ന ഭാസ്കരനെ ആക്രമിക്കുകയായിരുന്നു. തുമ്പികൊണ്ട് പുറത്ത് അടിയേറ്റ ഇയാൾ തെറിച്ചുവീഴുകയായിരുന്നു. സമീപത്ത് വീണുകിടന്ന മരത്തിൻ്റെ ഇടയിൽ കിടന്ന ഭാസ്കാരനെ ആന വീണ്ടും ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സമീപത്തെ തൊഴിലാളികൾ ഒച്ചയുണ്ടാക്കിയതിനെ തുടർന്നാണ് ആന മാറിപ്പോയത്. പരിക്കേറ്റ ഭാസ്കരനെ തൊഴിലാളികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
കുണ്ടായി തോട്ടത്തിൽ 25 ഓളം ആനകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാന ശല്യം രൂക്ഷമായ തോട്ടങ്ങളിൽ ഭീതിയോടെയാണ് തൊഴിലാളികൾ പണിക്കിറങ്ങുന്നത്. രണ്ട് ദിവസം മുൻപ് എച്ചിപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്കേറ്റിരുന്നു. വലിയകുളം, പിള്ളത്തോട്, എച്ചിപ്പാറ, ചൊക്കന, എലിക്കോട് പ്രദേശത്തും കാട്ടാന ശല്യം തുടരുകയാണെന്നും വനപാലകർ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
Leave A Comment