പ്രധാന വാർത്തകൾ

ന്യൂസ് മലയാളം 24×7ചാനല്‍ സംപ്രേഷണം ആരംഭിച്ചു; കേരളത്തെ ഞെട്ടിക്കുന്ന ബിഗ് ബ്രേക്കിങ്ങ് പുറത്തുവിട്ടു

കൊച്ചി:  മലയാളത്തിലെ വാര്‍ത്ത ചാനലുകള്‍ തമ്മിലുള്ള കിടമത്സരത്തില്‍ കൊമ്പ്കോര്‍ക്കാന്‍ പുതിയൊരു ചാനല്‍ കൂടി ഇന്നു സംപ്രേക്ഷണം ആരംഭിച്ചു. തമിഴ്നാട്ടിലെ ന്യൂസ് തമിഴ് ചാനലിന്റെ പിന്തുണയില്‍ കേരളത്തില്‍ തുടങ്ങിയ ന്യൂസ് മലയാളം പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ന്യൂസ് മലയാളം 24*7 നാണ് ഇന്നു ലൈവാകുന്നത്. ബിഗ് ബ്രേക്കിങ്ങുമായാണ് ചാനല്‍ രാവിലെ 11.30ന് ചാനല്‍ കേരളത്തില്‍ സംപ്രേക്ഷണം ആരംഭിച്ചത് . മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംപി ബഷീറാണ് ചാനലിന്റെ എഡിറ്റര്‍. ശകിലന്‍ പദ്മനാഭന്‍, അബൂബക്കര്‍ സിദ്ധിഖ് മേച്ചേരി എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍.

അവയവത്തട്ടിപ്പിന്റെ കാണാപ്പുറങ്ങളിലേക്ക്  വെളിച്ചം വീശുന്ന ബ്രേക്കിങ് ന്യൂസുമായിട്ടാണ് രാവിലെ കേരളത്തെ ഞെട്ടിക്കുന്ന വാർത്തയുമായി ന്യൂസ് മലയാളം 24*7 സംപ്രേഷണം ആരംഭിച്ചത്. കൊച്ചിയിലെ ലേക് ഷോർ ആശുപത്രി കേന്ദ്രീകരിച്ചുകൊണ്ട് ഇടനിലക്കാരും ആശുപത്രി അധികൃതരും നടത്തുന്ന കോടിക്കണക്കിനു രൂപയുടെ ഒത്തുകളി സംബന്ധിച്ചുള്ളതാണ് ബ്രേക്കിങ്.

ന്യൂസ് മലയാളം 24*7ൽ  ടി എം ഹര്‍ഷന്‍, ഇ സനീഷ് എന്നിവര്‍ ന്യൂസ് ഡയറക്ടര്‍മാരായും അനൂപ് പരമേശ്വരന്‍, ലക്ഷ്മി പത്മ, എ യു രഞ്ജിത്ത്, വി. എസ് സനോജ് , മഹേഷ് ചന്ദ്രന്‍, ഫൗസിയ മുസ്തഫ തുടങ്ങിയവര്‍ മറ്റു പ്രധാന ചുമതലകളും വഹിക്കുന്നുണ്ട്. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ 2003ല്‍ തുടങ്ങിയപ്പോള്‍ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്നു എംപി ബഷീര്‍. 2010 മുതല്‍ 2014 വരെ ഇന്ത്യാവിഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കേരളത്തിലെ ഡിജിറ്റല്‍ മാധ്യമരംഗത്തെ ആദ്യകാല സ്വതന്ത്രസംരഭങ്ങളിലൊന്നായ സൗത്ത് ലൈവിന്റെ സഹസ്ഥാപകനും എഡിറ്ററുമായിരുന്നു അദ്ദേഹം.

മൂന്നാറിലെ ഭൂമി കയ്യേറ്റം, ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സി പി ഐ എമ്മിലെ വിഭാഗീയത, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍, ടൈറ്റാനിയം അഴിമതിക്കേസ്, കേരളത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടന്ന മരുന്ന് പരീക്ഷണങ്ങള്‍ തുടങ്ങിയ സ്ഫോടനാത്മകമായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ബഷീര്‍.

ഇന്ത്യാവിഷനിലായിരുന്ന കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസ്സുമായി ബന്ധപ്പെട്ട എം.പി ബഷീറിന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സംഭവിച്ചിരുന്നു. ഒടുവില്‍ കേസ്സില്‍ കുറ്റാരോപിതനായ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. ഇന്ത്യാവിഷന് പുറമെ കൈരളി ടിവി, ഡെക്കാന്‍ ഹെറാള്‍ഡ്, യുഎന്‍ഐ,  മാധ്യമം, റിപ്പോര്‍ട്ടര്‍ ടിവി എന്നിവിടങ്ങളില്‍ അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിച്ച് ഇടയ്ക്ക് വച്ച് നിര്‍ത്തിയ രാജ് ടിവിയില്‍ നിന്നും സംപ്രേക്ഷണം അനന്തമായി നീളുന്ന ഫോര്‍ത്ത് ചാനലില്‍ നിന്നുമാണ് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് മലയാളം 24*7 എന്ന ചാനലിലേക്ക് എത്തിയിരിക്കുന്നത്.

Leave A Comment