പ്രധാന വാർത്തകൾ

ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തി, ഉപയോഗിച്ചത് 'കീടനാശിനി’

തിരുവനന്തപുരം:  പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.

ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാല്‍ നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴിയില്‍ വ്യക്തത കുറവുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.  ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നത്. 

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി.

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22).

Leave A Comment