പ്രധാന വാർത്തകൾ

ഒരേസമയം ഇരകളെയും ദമ്പതികളെയും ഷാഫി കബളിപ്പിച്ചു; സ്ത്രീകളുടെ മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചെന്ന് ലൈല

കൊച്ചി: ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളുടെ ആഭരണങ്ങള്‍ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ബാങ്കുകളില്‍ പണയം വെച്ചിരുന്നതായി പ്രതി മുഹമ്മദ് ഷാഫി മൊഴി നല്‍കി.നരബലിക്ക് മുമ്പായിട്ടാണ് ഇരകളായ സ്ത്രീകളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങള്‍ ഷാഫി ഊരി വാങ്ങിയത്. നരബലിക്ക് ശേഷം മരിച്ച സ്ത്രീകളുടെ മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചിരുന്നതായി പ്രതി ലൈല പൊലീസിനോട് പറഞ്ഞു.

പ്രതികളെ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. നരബലിയും മാംസം ഭക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ലൈലയും ഭഗവല്‍ സിങ്ങും ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. അതേസമയം ചോദ്യം ചെയ്യലിനോട് ഷാഫി സഹകരിക്കുന്നില്ലെന്നും, നരബലിയുമായി ബന്ധപ്പെട്ട് ദമ്പതികളുടെ വെളിപ്പെടുത്തല്‍ സമ്മതിച്ചിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു. 

ഇരകളായ സ്ത്രീകളെയും പ്രതികളായ ദമ്പതികളെയും ഷാഫി ഒരേസമയം കബളിപ്പിച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു.സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഷാഫി ഇരകളായ സ്ത്രീകളെ ഇലന്തൂരിലെത്തിച്ചത്. ഇതിനായി ദമ്ബതികളുടെ പക്കല്‍ നിന്നും ലക്ഷങ്ങളാണ് ഷാഫി കൈപ്പറ്റിയത്. സിനിമയുടെ പൂജയുടെ ഭാഗം എന്ന നിലയിലാണ് സ്ത്രീകളെ കട്ടിലില്‍ കിടത്തിയത്. വീട്ടില്‍ പൂജയുടെ അന്തരീക്ഷം ഇതിനകം ഒരുക്കിയിരുന്നു. 

തുടര്‍ന്ന് ഭഗവല്‍ സിങ് സ്ത്രീയുടെ തലയ്ക്ക് അടിച്ച്‌ ബോധം കെടുത്തുകയും ലൈല കഴുത്ത് മുറിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇരകളായ സ്ത്രീകള്‍ നരബലിക്ക് സമ്മതിച്ച്‌ വന്നിട്ടുള്ളതാണെന്നാണ് പ്രതി ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചിരുന്നത്. ബലിക്കായി തയ്യാറായി വന്നതിനാല്‍, ഇവരുടെ കുടുംബത്തിന് നല്ല തുക നല്‍കണമെന്നും ഷാഫി പറഞ്ഞിരുന്നു. സ്ത്രീകള്‍ വിസമ്മതമൊന്നും കാട്ടാതെ കട്ടിലില്‍ കിടന്നതോടെ, ഷാഫി പറഞ്ഞത് ശരിയാണെന്ന് ദമ്പതികളും വിശ്വസിച്ചുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുൻപ് 75 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഷാഫി കൊടും ക്രിമിനലാണെന്ന് പൊലീസ് പറയുന്നു.

Leave A Comment