മരണസംഖ്യ 91; ഗുജറാത്തിൽ തകർന്നത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത തൂക്കുപാലം
ഗാന്ധിനഗർ: ഗുജറാത്തിൽ തകർന്നത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത തൂക്കുപാലമെന്ന് പ്രാദേശിക മുനിസിപ്പൽ ബോഡി മേധാവി പറഞ്ഞു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തൂക്കുപാലം കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കുശേഷം തുറന്നുനൽകിയപ്പോൾ സർക്കാർ അനുമതി തേടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒറെവ എന്ന സ്വകാര്യ ട്രസ്റ്റ് സർക്കാരിന്റെ ടെൻഡർ എടുത്താണ് പാലം നവീകരിച്ചത്. നവീകരണത്തിനായി ഏഴുമാസമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബർ 26-നാണ് പാലം വീണ്ടും തുറന്നത്.
പാലം തുറക്കുന്നതിനുമുമ്പ് ഒറെവ ഗ്രൂപ്പ്, അധികൃതരിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്ന് മോർബി മുനിസിപ്പൽ ഏജൻസി മേധാവി സന്ദീപ്സിൻഹ് സാല പറഞ്ഞു.
ഇത് സർക്കാർ ടെൻഡറായിരുന്നു. പാലം തുറക്കുന്നതിനു മുമ്പ് ഒറെവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങൾ നൽകേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതും ആയിരുന്നു. എന്നാൽ അത് ചെയ്തില്ല. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സാല പറഞ്ഞു.
ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ 91 പേരാണ് മരിച്ചത്. തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിൽ മച്ചു നദിക്കു കുറുകെയുള്ള പാലം ഞായറാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തകർന്നത്.
Leave A Comment