ഇരുട്ടിലും മാന്ത്രിക സംഗീതം ഒരുക്കുന്ന മൂന്ന്‍ പ്രതിഭകള്‍
വഴിത്തിരിവുകള്‍
കാഴ്ചയില്ലാതിരിക്കുക എന്നതാണ് മനുഷ്യ ജൻമത്തിലെ ഏറ്റവും വലിയ വേദന. ഈ പ്രകൃതിയുടെ സൗന്ദര്യം മാത്രമല്ല മറ്റു മനുഷ്യരെയും കാണാൻ കഴിയാത്ത അവസ്ഥ ഒരേ സമയവും ഭീകരവും ദയനീയവുമാണ്. എന്നാൽ ചിലർക്കെങ്കിലും സംഗീത വാസന ജൻമസിദ്ധമായി ലഭിക്കാറുണ്ട്.
അന്ധതയുടെ വേദനയും പ്രതിസന്ധികളും ചിലര്‍ സംഗീതത്തെ ഉപാസിച്ചു കൊണ്ട് മറികടക്കുന്നു. മാത്രമല്ല അവർ മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യുന്നു
മുത്തു, ജയമോൻ, ബെന്നി എന്നീ അന്ധരായ കലാകാരൻമാരെ കോർത്തിണക്കാനും ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന പേരിൽ ഒരു ട്രൂപ്പായി വികസിപ്പിക്കാനും മുൻ കൈ എടുത്തത് എസ്.ആർ.വി.സിയുടെ എം.സി റോയി എന്ന പ്രകാശം പരത്തുന്ന മനുഷ്യനാണ്. പേര് വ്യക്തമാക്കുന്നത് പോലെ ഇവരുടെ സംഗീതം എണ്ണമറ്റ മനുഷ്യ ഹൃദയങ്ങളെ കീഴടി ക്കൊണ്ട് മുന്നേറുകയാണ്.
മുത്തു
ഞാൻ ജനിച്ചത് തൃശ്ശൂർ വടക്കാഞ്ചേരിക്കടുത്ത് ചിറ്റണ്ടയിൽ . അച്ഛൻ അയ്യപ്പൻ അമ്മ കുഞ്ഞുമോൾ .ഞാൻ രണ്ടാമത്തെ മകൻ നാലു വയസ്സു വരെ കാഴ്ച്ചയുണ്ടായിരുന്ന എനിക്ക് നാലാം വയസ്സിൽ മഞ്ഞപ്പിത്തവും അതിനോടനുബന്ധിച്ച രോഗങ്ങളും വന്നപ്പോൾ കാഴ്ച്ച നഷ്ടമായി.
കേരളത്തിലെ ആദ്യ സ്പെഷൽ സ്ക്കൂൾ കുന്ദംകുളത്താണ് തുടങ്ങിയത് .ഞാൻ പഠിച്ചതും അവിടെത്തന്നെ. ബ്ലൈൻഡ് ദി ഡഫ് ആന്റ് ഡം സ്ക്കൂൾ എന്നായിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ പേര്. പിന്നെ മോഡൽ ബോയ്സ് ഹൈസ്ക്കൂളിൽ .പ്രീഡിഗ്രിക്ക് തലശ്ശേരി ബ്രണ്ണൻ കോളേജിലാണ് സീറ്റ് കിട്ടിയത്. എന്റെ ബാച്ചിൽ തന്നെ ആറോളം കാഴ്ച്ചയില്ലാത്ത കുട്ടികൾ ഉണ്ടായിരുന്നു. തേർഡ് ഗ്രൂപ്പാണ് എടു ത്തത്.
സ്ക്കൂളിൽ പഠിക്കുമ്പോൾ ഞങ്ങൾക്ക് നല്ലൊരു സംഗീതാധ്യാപകൻ ഉണ്ടായിരുന്നു. പേര് ശശി .സാറ് എനിക്ക് വായ്പ്പാട്ടും ഹാർമോണിയവും വയലിനും പഠിപ്പിച്ചു. അതാണ് സംഗീതവഴിയിലെ തുടക്കം . എന്നാൽ എന്റെ സീനിയേഴ്സിൽ ചിലർ പുല്ലാങ്കുഴൽ വായിക്കുമായിരുന്നു. അത് എനിക്ക് പ്രചോദനമായി.

കുന്ദംകുളം ബസ്റ്റാൻഡിൽ ഒരാൾ പുല്ലാങ്കുഴൽ വിൽക്കാനായി ഇടയ്ക്ക് വരും അതി മനോഹരമായി വായിക്കുകയും ചെയ്യും അതും എന്നെ ഒരു പാട് ആകർഷിച്ചു. പിന്നെ അമാന്തിച്ചില്ല ഒരു പുല്ലാ ങ്കുഴൽ വാങ്ങി വായിക്കാനുള്ള ശ്രമമായി അതിൽ വിജയിക്കുകയും ചെയ്തു. എട്ടാം ക്ലാസിലായ സമയത്തൊക്കെ ധാരാളം സിനിമാ ഗാനങ്ങൾ വായിച്ചു തുടങ്ങി. ഒരു ദിവസം ഒരു വ്യക്തി (എനിക്കിപ്പോഴും അദ്ദേഹത്തിന്റെ പേരറിയില്ല പിന്നീട് സംസാരിച്ചിട്ടുമില്ല) ഒരു പാട്ടിന്റെ നോട്ട്സ് എങ്ങിനെയാണെന്ന് ചോദിച്ചു. ഹർമോണിയവും ബുൾബുളും സാർ കൃത്യമായി പഠിപ്പിച്ചിരുന്നെങ്കിലും പുല്ലാങ്കുഴൽ ഞാൻ സ്വയം വായിക്കാൻ പഠിച്ചതാണ്. എനിക്ക് അറിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ സപ്തസ്വരങ്ങൾ പുല്ലാങ്കുഴലിൽ എനിക്ക് പഠിപ്പിച്ചു. ആകെ പഠിച്ചത് അതാണ്.
പ്രീഡിഗ്രിക്ക് ശേഷം ചെമ്പൈ സംഗീത കോളേജിൽ ഗാനഭൂഷണത്തിന് ചേർന്നു. 1994 മുതൽ ഞാൻ സംഗീത ലോകത്തുണ്ട്. പഠിച്ചു കൊണ്ടിരുന്നപ്പോഴേ ട്രൂപ്പുകളിൽ പോയിത്തുടങ്ങി. പഠിത്തം മൂന്നാം വർഷമായപ്പോൾ പാലക്കാട്ടെഒരു ട്രൂപ്പിൽ കുറച്ചു കാലം സ്ഥിരമായി നിന്നു. സിനിമാ ഗാനമാണ് ഓർക്കി സ്ട്രയിൽ വായിക്കുക. 2004 ൽ സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഓഫ് വിഷ്വലിചാലഞ്ച്ഡ് (എസ്. ആർ.വി.സി) എൻ ജി ഒ യുടെ കീഴിൽ രൂപീകരിക്കപ്പെട്ട ബാന്റാണ്. ഹാർട്ട് ടു ഹാർട്ട് . കാഴ്ച്ചയില്ലാത്തവർക്ക് വേണ്ടി കമ്പ്യൂട്ടർ ട്രൈനിങ്ങ് തുടങ്ങി മറ്റു പലതും എസ് ആർ വി.സി ചെയ്യുന്നുണ്ട്. അഫ്സലാണ് എന്നെ അതിലെ റോയി സർന് പരിചയപ്പെടുത്തിയത്.
ആദ്യം ഒരു ഗാനമേള ട്രൂപ്പിലായിരുന്നെങ്കിലും പിന്നീട് ഞാനും ജയമോനും ബെന്നിയും ചേർന്ന് ഇൻസ്ട്രുമെന്റൽ മ്യൂസിക് ചെയ്തു തുടങ്ങി. അതിന് വഴിയൊരുക്കിയതും2006 മുതൽ കൊച്ചി ലീ മെറീഡിയനിൽ പരിപാടി ഒരുക്കിത്തന്നതും റോയി സാറാണ്. ഒരു റിസപ്ഷന് ഞങ്ങളുടെ പരിപാടി കണ്ട് ഇഷ്ടപ്പെട്ട ആസ്റ്റർ മെഡിസിറ്റിയിലെ എച്ച് ആർ ഞങ്ങൾക്ക് ആസ്റ്ററിൽ അവസരം നൽകി. ആസ്റ്ററിൽ 8 വർഷമായി. ലീ മെറീഡിയനിൽ ഞങ്ങൾക്ക് ദാസേട്ടൻ കമലഹാസൻ , ജയേട്ടൻ , ശങ്കർ മഹാദേവൻ തുടങ്ങി പല പ്രശസ്തരേയും പരിചയപ്പെടാൻ കഴിഞ്ഞു.
ആസ്റ്ററിൽ നിന്നുള്ള അനുഭവം വളരെ വ്യത്യസ്ഥമാണ്. രോഗികൾക്ക് കൂട്ടു വരുന്നവർക്ക് വളരെ ആശ്വാസമാണെന്ന് പറയുമ്പോൾ ഞങ്ങൾക്കത് വളരെ സന്തോഷമാണ്. ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലും പരിപാടി അവതരിപ്പിക്കുവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ഇനിയും ധാരാളം പരിപാടികൾ കിട്ടണമെന്നു തന്നെയാണ് ആഗ്രഹം. ഞങ്ങളുടെ ലോകം തന്നെ സംഗീതമാണല്ലോ.
ജയമോൻ
മൂന്നുവയസ്സു വരെ കാഴ്ച്ചയുണ്ടായിരുന്നു എനിക്ക്. പക്ഷെ ഒന്നും കണ്ട ഓർമ്മയില്ല. ഗ്രഹണി എന്നോ അങ്ങിനെ എന്തോ ആണ് അസുഖത്തിന്റെ പേര് പറഞ്ഞത്. അന്ന് മരുന്നുമില്ല ചികിത്സയുമില്ല. അന്ന് പച്ചമരുന്നു ചികിത്സയായിരുന്നു. അച്ഛൻ വാസുവിനും അമ്മ തങ്കമ്മയ്ക്കും എട്ട് മക്കൾ ഞാൻ നാലാമത്തെ മകൻ. ബ്ലൈൻഡ് സ്കൂളിൽ ചേർത്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം പഠിക്കാൻ കഴിഞ്ഞില്ല. റേഡിയോയിൽ പാട്ടുകേൾക്കുമ്പോൾ താളത്തിനൊത്ത് മേശപ്പുറത്ത് കൊട്ടും. അതാണ് തബല പഠിക്കാനുണ്ടായ വഴിത്തിരിവ്.

ഇത് കണ്ട മൂത്ത ചേട്ടൻ പറഞ്ഞു. തബല വാങ്ങാം നീ പഠിച്ചോ എന്ന് അങ്ങനെ എന്റെ ആദ്യ ഗുരുവായ പ്രസന്നൻ ചേട്ടൻ വീട്ടിൽ വന്ന് പഠിപ്പിച്ചു തുടങ്ങി. രണ്ട് വർഷം പഠിച്ചു. പിന്നെ ആരും പഠിപ്പിച്ചിട്ടില്ല, സ്വയം പഠിച്ചു. എസ് ആർ വി.സിയിലെ റോയി സർ വഴിയാണ് ഞാൻ അവിടെ എത്തപ്പെട്ടത്. ഭാര്യക്ക് കാഴ്ച്ചക്ക് ചെറിയ പ്രശ്നമുണ്ടെങ്കിലും ജോലി ചെയ്യാൻ പ്രശ്നമില്ല. സ്ക്കൂളിൽ പ്യൂണായും ജോലി ചെയ്യുന്നു. ഞങ്ങൾക്കു രണ്ടു മക്കൾ. അവർ പഠിക്കുന്നു. സംഗീതം മാത്രമാണ് എന്‍റെ കാഴ്ച്ചയും ലോകവും .
ബെന്നി
ജനിച്ചു വളർന്നതും പഠിച്ചതും എറണാകുളത്ത്. കാഴ്ച്ചക്ക് പ്രശ്നമുണ്ടായിരുന്നെങ്കിലും പകൽ സമയം തനിച്ച് പോകാൻ പ്രശ്നമില്ലായിരുന്നു. രാത്രിയായിരുന്നു പ്രശ്നം. നൈറ്റ് ബ്ലൈൻഡ് നെസ്സ് ആയിരുന്നു. അച്ഛൻ ആന്റണി അമ്മ സിസിലി. ഞങ്ങൾ മൂന്നു മക്കൾ. ഞാൻ മൂന്നാമൻ ഈ മൂന്നുപേർക്കും കണ്ണിന് ഒരേ പ്രശ്നം. ആറാം ക്ലാസിലെത്തിയപ്പോൾ ഡോക്ടർമാർ പറഞ്ഞു. കണ്ണിന് പ്രത്യേക ചികിത്സയില്ല. ഇഷ്ടമുള്ളത് എന്തെങ്കിലും പഠിക്കട്ടെ എന്ന്. അത് മനസ്സിന് സന്തോഷവും നൽകും .പ്രീഡിഗ്രി വരെ പഠിക്കാൻ കഴിഞ്ഞു. എനിക്ക് വയലിനായിരുന്നു കൂടുതൽ ഇഷ്ടം പക്ഷെ സാറ് പറഞ്ഞു. വയലിൻ പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഗിറ്റാർ കുറച്ചു ഭേദമാണ്.

എട്ടാം തരം തൊട്ട് ഗിറ്റാർ പഠിച്ചു തുടങ്ങി. ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന സെന്റ് ആൽബർട്ട്സ് സ്കൂളിനടുത്ത് സി.എ സി എന്നു പേരുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു. അവിടെയാണ് ഗിറ്റാർ പഠനത്തിന്റെ ആരംഭം. ഗോഡ് വിൻ സാറായിരുന്നു ഗുരു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. സ്ക്കൂൾ വിട്ടാൽ നേരെ പോകും. മൂന്ന് മുന്നര വർഷം അവിടെ പഠിച്ചു. പിന്നെ ക്വയറിൽ ചേർന്നു.
കലൂർ കത്രിക്കടവ് പള്ളിയിൽ പത്തു വർഷത്തോളം ഉണ്ടായിരുന്നു.പിന്നെ ചൊവ്വാഴച്ച പള്ളിയിൽ , പിന്നെ ക്രിസ്ത്യൻ ഡിവോഷണൽ ട്രൂപ്പിൽ , പിന്നെ പഴയ പ്രശസ്ത മായ ടാൻസൻ മ്യൂസിക്ക് ട്രൂപ്പിൽ .എസ് ആർ വി.സിയുടെ ഹെഡ് എം.സി റോയി സർ വഴി ഹാർട്ട് ടു ഹാർട്ടിൽ എത്തി. മൂത്ത ചേട്ടൻ മരിച്ചു. എന്റെ വിവാഹം ഇതിനിടയിൽ കഴിഞ്ഞു. ഒരു മകളുണ്ട്. പഠിക്കുന്നു. ഇപ്പോൾ കാഴ്ച്ച കുറഞ്ഞ് കുറഞ്ഞ് വല്ലാത്ത ബുദ്ധിമുട്ടിലാണ്. എന്നാലും എല്ലാവരേയും കാണുന്നു സംഗീതത്തിലൂടെ .
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment