തമിഴ് സിനിമയുടെ ദിശ മാറ്റിമറിച്ച സംവിധായകൻ ഭാരതിരാജ അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു. മകൻ മനോജിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമായിരുന്നു.
1977-ൽ പുറത്തിറങ്ങിയ പതിനാറ് വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തമിഴ് സിനിമയുടെ കഥപറച്ചിൽ രീതിയിലും അവതരണശൈലിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ചിത്രമായിരുന്നു അത്. ബാല്യകാല സുഹൃത്തായ ഇളയരാജയായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകൻ.
കിഴക്കേ പോകും റെയിൽ, സിഗപ്പു റോജാക്കൾ, നിഴൽകൾ, അലൈകൾ ഓയ്വതില്ലൈ, മുതൽ മര്യാദൈ തുടങ്ങി തമിഴ് സിനിമയുടെ തലവര മാറ്റിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും യാഥാർഥ്യബോധത്തോടെ വെള്ളിത്തിരയിൽ അവതരിപ്പിച്ച സംവിധായകനെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
സംവിധാനരംഗത്തേക്ക് എത്തുന്നതിന് മുമ്പ് മലയാളത്തിലെ പ്രമുഖ സംവിധായകരായ എം. കൃഷ്ണൻ നായർ, കെ. എസ്. സേതുമാധവൻ എന്നിവരുടെ സഹസംവിധായകനായും പ്രവർത്തിച്ചിരുന്നു.
ആറ് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഭാരതിരാജയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. തമിഴ് സിനിമയിൽ സംവിധായകൻ എന്ന വ്യക്തിത്വത്തെ താരപദവിയിലേക്ക് ഉയർത്തിയ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.
അഞ്ചുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പതിനാറ് വയതിനിലെ ഒരു വർഷത്തിലേറെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. ആ ചിത്രത്തിന്റെ വിജയത്തോടെ താരകേന്ദ്രിതമായിരുന്ന തമിഴ് സിനിമ സംവിധായകന്റെ മികവിലേക്കും ദർശനത്തിലേക്കും ശ്രദ്ധ തിരിച്ചു. തുടർന്ന് തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നിന്നടക്കം നിരവധി യുവാക്കൾ സംവിധാന സ്വപ്നങ്ങളുമായി സിനിമാരംഗത്തേക്ക് എത്താൻ പ്രചോദനം നേടി.
മോഹൻലാലും തരുണ്‍ മൂർത്തിയും ഒന്നിച്ച തുടരും എന്ന മലയാള ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. 2020-ൽ പുറത്തിറങ്ങിയ മീണ്ടും ഒരു മര്യാദൈ ആയിരുന്നു അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.
തമിഴ് സിനിമയെ “ഭാരതിരാജയ്ക്ക് മുമ്പും ശേഷവും” എന്ന് വേർതിരിച്ച് വിലയിരുത്തുന്നത്ര സ്വാധീനം ചലച്ചിത്രരംഗത്ത് അദ്ദേഹം ചെലുത്തി. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമായി.
Leave A Comment