റിലീസിന് മുമ്പേ 'ജനനായകൻ' 1.2 കോടി പേർ കണ്ടെന്ന് പൊലീസ്; ജാമ്യാപേക്ഷ തള്ളി
ചെന്നൈ: സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെ തുടർന്ന് റിലീസ് വൈകിയ വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ റിലീസിന് മുമ്പേ 1.2 കോടി പേർ ചിത്രം കണ്ടതായി തമിഴ്നാട് പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. തുടർന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.
സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉടൻ ലഭിച്ചേക്കുമെന്നാണ് നിർമാതാക്കളോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ചിത്രം ജനുവരി 9-ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.
വിജയ് നായകനായ 'ജനനായകൻ' സിനിമ ചോർന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്ന് പേരെ ചെന്നൈ പൊലീസ് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ചിത്രത്തിന്റെ ജോലിക്കായി സ്റ്റുഡിയോയിൽ എത്തിയിരുന്ന ഫ്രീലാൻസ് എഡിറ്ററാണ് മുഖ്യപ്രതി. സ്റ്റുഡിയോയിൽ നിന്ന് അനധികൃതമായി സിനിമയുടെ റീൽ കൈവശപ്പെടുത്തി വ്യാജപതിപ്പ് നിർമ്മിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ചോർന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ഇതിനിടെ, കോയമ്പത്തൂരിൽ ചോർന്ന പതിപ്പ് പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ എസ്. പളനിസാമിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവികെ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇയാളിൽ നിന്ന് നാല് ഹാർഡ് ഡിസ്കുകളും ഒരു കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു.
Leave A Comment