ചലച്ചിത്ര പത്രപ്രവർത്തകനും നടനുമായ വി കെ ഹംസ അന്തരിച്ചു
തിരൂർ : ചലച്ചിത്ര പത്രപ്രവർത്തകനും നടനുമായ വി കെ ഹംസ അന്തരിച്ചു .
1972-ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത പ്രേംനസീര്‍ ചിത്രം ‘പണിതീരാത്ത വീട്ടി’ല്‍ ഒരു പാട്ടിനിടയില്‍ വി കെ ഹംസ പ്രത്യക്ഷപ്പെട്ടിരുന്നു . 2019ല്‍ മമ്മൂട്ടി നായകനായ ‘ഉണ്ട’യില്‍ ഒരു വേഷം ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിച്ച പുതിയ ചിത്രമായ പദയാത്രയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .
മലയാള സിനിമയുടെ പ്രതാപം മദിരാശിയിൽ കത്തിനിന്ന അറുപതുകളിലാണ് വി കെ ഹംസയുടെ ചലച്ചിത്ര പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. സിനിമാ ആസ്വാദനം പോലെ തന്നെ സിനിമാ വിശേഷങ്ങളും ഹൃദയത്തിലേറ്റിയിരുന്ന സാധാരാണക്കാർക്കിടയിൽ ഹംസയുടെ എഴുത്തുകള്‍ ഏറെ ജനപ്രീതി നേടി .
വാണിജ്യസിനിമയെന്നോ കലാസിനിമയെന്നോ വകഭേദമില്ലാതെ സിനിമയെന്ന ഒറ്റവികാരത്തിൽ ജീവിച്ച വി കെ ഹംസ ജീവിതത്തിൽ എപ്പോഴും പുരോഗമന നിലപാടുകൾക്ക് വേണ്ടി നിലകൊണ്ടു .
1968 സെപ്റ്റംബർ 16 നായിരുന്നു നർത്തകിയായ കലാമണ്ഡലം ഖദീജയുടെയും വി കെ ഹംസയുടെയും വിവാഹം. പ്രശസ്‌ത നടൻ സത്യനും മലയാറ്റൂർ രാമകൃഷ്ണനും കെ.ടി. മുഹമ്മദുമെല്ലാം പങ്കെടുത്ത ആ വിവാഹം അക്കാലത്തെ ഏറെ ശ്രദ്ധേയമായ ഒരു സാംസ്‌കാരിക പ്രവർത്തനമായിരുന്നു എന്ന് ‘ലേഡീസ് കംപാര്‍ട്മെന്‍റ് ‘ എന്ന പെണ്‍ചരിത്ര പുസ്തകത്തിൽ ബിജു മുത്തത്തി രേഖപ്പെടുത്തിയിട്ടുണ്ട് .
വൈക്കം മുഹമ്മദ് ബഷീര്‍, കോഴിക്കോട് അബ്ധുള്‍ഖാദര്‍, ടി ദാമോദരന്‍ മാഷ്, ചെലവൂര്‍ വേണു എന്നിവരുടെ സൗഹൃദവലയം ഹംസയുടെ ചിന്തധാരകളെ ശക്തമാക്കി. അക്കാലത്ത് ചെലവൂര്‍ വേണുവിനൊപ്പം യുവഭാവന എന്ന ദ്വൈവാരികയില്‍ പത്രപ്രവര്‍ത്തകനായും ജോലി ചെയ്തു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ചിത്തരോഗാശുപത്രിയിലെ നാളുകളില്‍ അദ്ദേഹം വി കെ ഹംസയ്ക്ക് എഴുതിയ കത്തുകള്‍ ഇക്കഴിഞ്ഞ ബഷീര്‍ ദിനത്തില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
കോടമ്പാക്കത്ത് നിന്ന് സിനിമ കേരളക്കരയിലേക്ക് മാറിയ തൊണ്ണൂറുകളോടെ വി കെ ഹംസ സജീവ മാധ്യമപ്രവര്‍ത്തനത്തിൽ നിന്നും വിട്ടുനിന്നു . എങ്കിലും സൗഹൃദ സംഭാഷണങ്ങളും പഴയകാല വാർത്തകളുടെ കൈമാറ്റങ്ങളുമായി അദ്ദേഹം പുതുതലമുറ മാധ്യമ പ്രവർത്തകരുമായി നിരന്തരം ബന്ധംപുലർത്തിപോന്നു .
പ്രേം നസീര്‍, സത്യന്‍, കെ പി ഉമ്മര്‍, വയലാര്‍, കെ എസ് സേതുമാധവന്‍, അടൂര്‍, മമ്മൂട്ടി, ശ്രീനിവാസൻ , അരവിന്ദന്‍, ടി വി ചന്ദ്രന്‍ , ദിലീപ് എന്നിങ്ങനെ വിപുലമായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദവലയം .
Leave A Comment