'ദ കേരള സ്റ്റോറി' ഇന്ന് തീയറ്ററുകളില്‍; ജാഗ്രതാ നിര്‍ദേശവുമായി തമിഴ്നാട്
തിരുവനന്തപുരം: വിവാദ ചിത്രം "ദ കേരള സ്റ്റോറി ഇന്ന്' റിലീസിനെത്തും. ഇന്ത്യയൊട്ടാകെയാണ് ചിത്രമെത്തുന്നത്.
കേരളത്തില്‍ മതതീവ്രവാദം വ്യാപിക്കുന്നു എന്ന് ധ്വനിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ചിത്രത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് പ്രതികരിച്ചിരുന്നു.
നിലവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രമെത്തുന്നത്. രണ്ട് മണിക്കൂര്‍ പത്തൊമ്പത് മിനിറ്റ് ദൈര്‍ഘ്യമാണ് ചിത്രത്തിന് ഇപ്പോഴുള്ളത്. സബ്ടൈറ്റില്‍ പരിഷ്കരിക്കുകയും മലയാള ഗാനത്തിന് സബ്ടൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ 21 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
"ദ കേരള സ്റ്റോറി' നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെ ചിത്രം ഇന്ന് തമിഴ്നാട്ടിലും പ്രദര്‍ശനത്തിനെത്തും. മാധ്യമപ്രവര്‍ത്തകനായ ബി.ആര്.അരവിന്ദാക്ഷനാണ് സിനിമ നിരോധിക്കാനായി കോടതിയെ സമീപിച്ചത്.
സമാന ഹര്‍ജികള്‍ സുപ്രീം കോടതിയും കേരള ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ചും ഹര്‍ജി തള്ളിയത്. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ റിലീസ് കേന്ദ്രങ്ങളില്‍ ജാഗ്രതാ പാലിക്കണമെന്ന് തമിഴ്നാട് ഡിജിപി സി. ശൈലേന്ദ്രബാബു പോലീസ് സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Leave A Comment