കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന്, വോട്ടെണ്ണൽ മേയ് നാലിന്
ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി നടക്കുന്ന തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ അധ്യക്ഷതയിൽ ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 17.4 കോടി വോട്ടർമാർ പങ്കെടുക്കും. കേരളത്തിൽ മാത്രം 2.70 കോടി വോട്ടർമാർ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ പങ്കുവഹിച്ച എല്ലാവരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു. അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലായി 824 നിയോജക മണ്ഡലങ്ങളിലായാകും തെരഞ്ഞെടുപ്പ്. ആകെ 2.18 ലക്ഷം പോളിംഗ് ബൂത്തുകൾ. കേരളത്തിൽ മാത്രം 30471 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
അസം- പോളിംഗ് തീയതി- ഏപ്രിൽ ഒമ്പത്; വോട്ടെണ്ണൽ തീയതി- മേയ് നാല്
തമിഴ്നാട്- പോളിംഗ് തീയതി- ഏപ്രിൽ 23; വോട്ടെണ്ണൽ തീയതി- മേയ് നാല്
പശ്ചിമ ബംഗാൾ- പോളിംഗ് തീയതി- ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണൽ തീയതി- മേയ് നാല്
കേരളം- പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി- മേയ് നാല്.
പുതുച്ചേരി- പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി- മേയ് നാല്
Leave A Comment