ജനഹിതം

തൃശൂർ ജില്ലയിൽ ആധിപത്യം ആർക്കാകും; വിലയിരുത്തലുമായി മുന്നണികൾ

മാള: 29 ഡിവിഷനുകളുള്ള തൃശ്ശൂർ ജില്ലാപഞ്ചായത്തിൽ 24 സീറ്റുകളുമായി വലിയ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. 5 സീറ്റുകളാണ് യു.ഡി.എഫിന് ലഭിച്ചത്. വരുന്ന തെരഞ്ഞെടുപ്പിൽ ഒരു ഡിവിഷൻ കൂടി 30 സീറ്റുകളിലേക്കാണ് മത്സരം നടക്കാൻ പോവുന്നത്. 

16 ബ്ലോക്ക് പഞ്ചായത്തുകളും 86 പഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്. ഇതിൽ 64 ഇടത്ത് ഇടതുപക്ഷവും 21 ഇടത്ത് യു.ഡി.എഫും ഭരിക്കുന്നു. ഒരെണ്ണം ബി.ജെ.പിയുടെ കയ്യിലാണ്. അവിണിശ്ശേരി പഞ്ചായത്താണ് ബി.ജെ.പി ഭരിക്കുന്നത്. ആകെയുള്ള 16 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 എണ്ണത്തിലും ഇടതുപക്ഷവും രണ്ട് എണ്ണത്തിൽ യു.ഡി.എഫും ഭരിക്കുന്നു. 

ചാലക്കുടിയും ചാവക്കാടും മാത്രമാണ് യു.ഡി.എഫിൻെറ കയ്യിലുള്ളത്. പ്രാദേശികതലത്തിലും സംസ്ഥാന വ്യാപകമായും വലിയ ചർച്ചകൾ ഉയർന്ന നിരവധി രാഷ്ട്രീയ വിഷയങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ തൃശ്ശൂരിൽ ഉണ്ടായിട്ടുണ്ട്. തൃശ്ശൂർ പൂര വിവാദവും കരുവന്നൂർ ബാങ്ക് തട്ടിപ്പുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തൃശ്ശൂർ മണ്ഡലം പിടിച്ചുകൊണ്ട് വലിയ സൂചനകൾ നൽകിയിട്ടുണ്ട്. തൃശ്ശൂരിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇക്കുറി നില മെച്ചപ്പെടുത്തുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. 

കോർപ്പറേഷൻ മുതൽ പഞ്ചായത്തുകൾ വരെ സകല മേഖലകളിലും ഇടത് ആധിപത്യമാണ്. അത് അങ്ങനെ തന്നെ നിലനിൽക്കുമോയെന്ന് കാത്തിരുന്ന് കാണണം. 

ഒരുകാലത്ത് മേൽക്കൈ ഉണ്ടായിരുന്ന ജില്ലയിൽ തിരിച്ചുവരവിന് ശ്രമിക്കുകയാണ് യു.ഡി.എഫ്. ലോക്സഭയിൽ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തായതും പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുമൊക്കെ കോൺഗ്രസിനെ ജില്ലയിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Leave A Comment