തദ്ദേശ തെരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20; കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും ട്വന്റി 20ക്ക് നഷ്ടമായി. കിഴക്കമ്പലം പഞ്ചായത്തിൽ അവസാന ഘട്ടം വരെ കടുത്ത മത്സരമാണ് നേരിട്ടത്.
കുന്നത്തുനാടും മഴുവന്നൂരും ട്വന്റി 20യെ കൈവിട്ടപ്പോൾ ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ജയിച്ചതും തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും നേട്ടമായി പറയാം. കഴിഞ്ഞ തവണ ജയിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇത്തവണ കൈവിട്ടു.
കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ തവണ ഒരു വാർഡ് മാത്രം നഷ്ടമായിടത്ത്, ഇത്തവണ ജയിച്ചത് 21ൽ 15 ഇടത്ത് മാത്രമാണ്. തിരിച്ചടികൾക്കിടയിലും 16 വാർഡുള്ള പൂതൃക്ക പഞ്ചായത്തിൽ 7 സീറ്റുകൾ നേടി യുഡിഎഫിന് ഒപ്പം എത്തി.
തിരുവാണിയൂരിലെ ഇടതു കോട്ട പൊളിച്ചതും ട്വന്റി 20ക്ക് നേട്ടമാണ്. അതേസമയം മറ്റു പാർട്ടികൾ ട്വന്റി 20യെ തോൽപ്പിക്കാൻ ഐക്യമുന്നണിയുമായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
Leave A Comment