ധവളപത്രം ഉമ്മാക്കിയല്ല, LDF സർക്കാരിന് നേരെ പിടിച്ച കണ്ണാടി: മുഖ്യമന്ത്രി
തിരുവനന്തപുരം: ധവളപത്രം ഉമ്മാക്കിയല്ലെന്നും എൽഡിഎഫ് സർക്കാരിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയന്റെ പരാമർശത്തിനായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ 6000 കോടി രൂപ ബാക്കി വച്ചിട്ടാണ് പോയതെന്ന പ്രചാരണം പച്ചക്കള്ളമാണ്. മേയ് 16-ന് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ട്രഷറിയിൽ വെറും 2000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
ഐജിഎസ്ടി ഗ്രാന്റും മറ്റ് കേന്ദ്രവിഹിതങ്ങളും ചേർത്ത് പലപ്പോഴായി പണം വരുമെങ്കിലും, സർക്കാർ നൽകാനുള്ള അടിയന്തര ബാധ്യതകൾ നിലനിൽക്കെ 6000 കോടി ഉണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
50,000 രൂപ ശമ്പളമുള്ള ഒരാൾ തന്റെ കടങ്ങളും ബില്ലുകളും വീട്ടാതെ ആ പണം പോക്കറ്റിൽ വച്ച് തന്റെ പക്കൽ പണമുണ്ടെന്ന് അയാളുടെ ഭാര്യയോട് അവകാശപ്പെടുന്നത് പോലെയാണ് മുൻ സർക്കാരിന്റെ
നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. പത്രക്കാരനും പാൽക്കാരനും പലചരക്ക് കടക്കാരനും പണം നൽകാതെ വാതിലടച്ച് അകത്തിരിക്കുന്ന അവസ്ഥയിലാണ് കേരളത്തിന്റെ ഖജനാവിനെ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment