ജന്തർ മന്ദറിൽ നാടകീയ രംഗങ്ങൾ: സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്ത് പോലീസ്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ഡൽഹി പോലീസ് സമരപ്പന്തലിൽ നിന്ന് മാറ്റി. നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് പുലർച്ചെയോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്ദര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവിൽ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലർച്ചെ വൻ പോലീസ് സന്നാഹം സമരപ്പന്തലിൽ എത്തുകയും വാംഗ്ചുക്കിനെ നിർബന്ധിതമായി മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെതിരെ "കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരും മറ്റ് പ്രതിഷേധക്കാരും ശക്തമായി രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.
വാംഗ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും സിജെപി ഭാരവാഹികൾ ആരോപിച്ചു.
എന്നാൽ വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
കോടതി നിർദേശം നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായതെന്നും ജന്തർ മന്ദറിലുള്ള പ്രതിഷേധക്കാർ എത്രയും വേഗം പ്രദേശം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് ആവശ്യപ്പെട്ടു.
Leave A Comment