സിപിഎമ്മിന് പ്രതീക്ഷയായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍
മാള: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സിപിഎമ്മിന് പ്രതീക്ഷയായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി ഭരണത്തുടര്‍ച്ച നേടുമെന്ന് സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഒരുപോലെ വിലയിരുത്തുന്നു. വികസനത്തുടര്‍ച്ചയും ജനക്ഷേമ പദ്ധതികളും വോട്ടായി മാറിയെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍.
സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇടത് മുന്നണിക്ക് 73 സീറ്റുകള്‍ വരെ ലഭിക്കാം. എന്നാല്‍, പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത് 80 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ്. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് നല്‍കിയ കണക്കുകള്‍ പ്രകാരം എല്‍ഡിഎഫ് കഷ്ടിച്ച് ഭരണത്തുടര്‍ച്ച നേടുമെന്നാണ് സൂചന.
എന്നാല്‍ താഴേത്തട്ടില്‍ നിന്നുള്ള പാര്‍ട്ടി റിപ്പോര്‍ട്ടുകള്‍ ഇതിലും അനുകൂലമാണെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. 80 സീറ്റുകള്‍ നേടി കരുത്തുറ്റ ഭരണത്തുടര്‍ച്ചയാണ് പിണറായി വിജയന്‍ പ്രതീക്ഷിക്കുന്നത്. വികസനത്തുടര്‍ച്ചയും ജനക്ഷേമ പദ്ധതികളും വോട്ടായി മാറിയെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. മുസ്ലീം ഏകീകരണം സംസ്ഥാനത്തുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തുന്നത്.
ഇത്തവണ കേരളത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. സംസ്ഥാനത്ത് 15 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കാമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതം വലിയ തോതില്‍ വര്‍ദ്ധിച്ചത് വിജയസാധ്യത കൂട്ടുന്നു.
കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം ബിജെപിയുടെ മുന്നേറ്റം സിപിഎമ്മിന് ഭരണത്തുടര്‍ച്ചയ്ക്ക് സഹായകമാകുമെന്നതാണ്. പല മണ്ഡലങ്ങളിലും ബിജെപി പിടിക്കുന്ന വോട്ടുകള്‍ യുഡിഎഫിന്റെ വിജയസാധ്യതകളെയാണ് ബാധിക്കുന്നത്.
കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്നത് ഭരണവിരുദ്ധ വികാരം ഭിന്നിക്കപ്പെടാന്‍ കാരണമാകുന്നു. ഇത് അന്തിമമായി എല്‍ഡിഎഫിന് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണമെന്നും പറയുന്നു.
ഈ റിപ്പോര്‍ട്ടുകളൊന്നും ആരും സ്ഥിരീകരിക്കില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഇതിനെ ഗൗരവത്തില്‍ എടുക്കുന്നില്ല. കുറഞ്ഞത് 85 സീറ്റുമായി അധികാരത്തില്‍ എത്തുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
Leave A Comment