അട്ടിമറി വിജയം ഉണ്ടാകുമെന്ന് UDF; കൊടുങ്ങല്ലൂർ LDF നിലനിർത്തുമെന്ന് CPI
മാള: കൊടുങ്ങല്ലൂരിൽ യു ഡി എഫിന് അട്ടിമറി വിജയം ഉണ്ടാകുമെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു. പ്രചരണങ്ങളിൽ ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞതും ഭരണവിരുദ്ധവികാരവുമാണ് യു ഡി എഫിന്റെ പ്രതീക്ഷ . എന്നാൽ ഭൂരിപക്ഷത്തിൽ ഇടിവുവന്നാലും കൊടുങ്ങല്ലൂർ എൽ ഡി എഫ് നിലനിർത്തുമെന്നാണ് ഇടതുനേതാക്കളുടെ അവകാശവാദം.
പത്തുവർഷമായി എം എൽ എ ആയ വി ആർ സുനിൽകുമാറിന് ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പ്രചാരണത്തിൽ വലിയ മുൻതൂക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. യൂ ഡി എഫ് സ്ഥാനാർഥി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഓ ജെ ജെനീഷ് ശക്തമായ പ്രചാരണത്തിലൂടെ മത്സരം കടുപ്പിച്ചു.
പാഴായ പത്തുവർഷങ്ങൾ എന്നതായിരുന്നു സുനില്കുമാറിനെതിരെയുള്ള യു ഡി എഫ് ആയുധം . വയനാട് ഫണ്ട് വിവാദമായിരുന്നു തിരിച്ചടിക്കാനുള്ള എൽ ഡി എഫ് മറുമരുന്ന്. ഷാഫി പറമ്പിലും ചാണ്ടി ഉമ്മനും മണ്ഡലത്തിലെത്തി യുവാക്കളെ ഇളക്കി മരിച്ചു . മറുപടിയായി മെഗാ റോഡ് ഷോ നടത്തിയാണ് എൽ ഡി എഫ് ശക്തി തെളിയിച്ചത്.
വയനാട് ഫണ്ട് തട്ടിപ്പ് കോൺഗ്രസ് നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുള്ള പ്രചാരണം എൽ ഡി എഫ് നടത്തിയപ്പോൾ പുല്ലൂറ്റ് പാലം തകർച്ച , കരൂപ്പടന്ന പാലം തകർച്ച , പുല്ലൂറ്റ് വി കെ രാജൻ മൈതാനം പണി പൂർത്തിയാക്കാതിരുന്നത് , തൃശൂർ - കൊടുങ്ങല്ലൂർ റോഡിലെ മണ്ഡലത്തിലെ ഇഴയൽ മാള മേഖലയിലെ വിവിധ പദ്ധതികൾ നിർത്തിവെച്ചത് എന്നിവ യുഡി എഫ് ചൂണ്ടിക്കാട്ടി പ്രചാരണം കൊഴുപ്പിച്ചു .
1300 കോടിയുടെ റോഡ് വികസനമായിരുന്നു എൽ ഡി എഫ് മറുപടിയെങ്കിലും അവസാനലാപ്പിൽ പ്രചരണം ആരോപണ പ്രത്യാരോപണങ്ങളുമായി മറ്റൊരു ദിശയിലേക്കാണ് പോയത് .
അതിനിടെ എൻ ഡി എ സ്ഥാനാർഥി വർഗീസ് ജോർജ്ജും പ്രചാരണവുമായി മണ്ഡലത്തിൽ സജീവമായിരുന്നു. പുതിയ വികസനമാർഗ്ഗരേഖകളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അടക്കമുള്ളവർ വർഗീസ് ജോർജ്ജിനായി പ്രചാരണത്തിന് എത്തിയത് പ്രവർത്തകരിൽ ആവേശം പകർന്നിരുന്നു. എൻ ഡി എ ക്ക് വ്യക്തമായ വോട്ട് ബാങ്ക് ഉള്ള കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വർഗീസ് ജോർജ്ജ് നേടുന്ന വോട്ടുകൾ നിർണ്ണായകമാണ്.
Leave A Comment