നാല് കോർപറേഷൻ, പകുതി ജില്ലാ പഞ്ചായത്തുകൾ; സതീശൻ അന്നേ പറഞ്ഞു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിൽ നിൽക്കവേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഫലം വന്നപ്പോൾ യാഥാർഥ്യമായി. സംസ്ഥാനത്തെ നാലു കോർപറേഷനുകളുടെ പേരെടുത്തു പറഞ്ഞ് ഇവയുടെ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്നായിരുന്നു വി.ഡി. സതീശന്റെ പ്രഖ്യാപനം.
കണ്ണൂർ കോർപറേഷൻ യുഡിഎഫ് നിലനിർത്തുമെന്നും തൃശൂർ, കൊച്ചി, കൊല്ലം കോർപറേഷനുകൾ പിടിച്ചെടുക്കുമെന്നുമായിരുന്നു വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. കോഴിക്കോടും തിരുവനന്തപുരത്തും കടുത്ത പോരാട്ടം നടത്തി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർഥ്യമായി. പകുതി ജില്ലാ പഞ്ചായത്തുകളും പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എൽഡിഎഫും യുഡിഎഫും ഏഴു വീതമാണ് ജില്ലാ പഞ്ചായത്തുകളിൽ മുന്നേറ്റം നടത്തിയത്. ഗ്രാമപഞ്ചായത്തുകൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ വൻ മുന്നേറ്റം നടത്തുമെന്നും പറഞ്ഞിരുന്നു.
കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മുതിർന്ന കോണ്ഗ്രസ് നേതാക്കളാണ് സ്ഥാനാർഥി നിർണയം അടക്കമുള്ള തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ കെ. മുരളീധരനും കൊല്ലത്ത് വി.എസ്. ശിവകുമാറും കൊച്ചിയിൽ വി.ഡി. സതീശനും കോഴിക്കോട് രമേശ് ചെന്നിത്തലയും കണ്ണൂരിൽ കെ. സുധാകരനും അടക്കമുള്ള മുതിർന്ന നേതാക്കളായിരുന്നു നേതൃത്വം വഹിച്ചത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെ നേരത്തെ പൂർത്തിയാക്കി പ്രചാരണ രംഗത്ത് ഇറങ്ങിയതും ഏറെ നാളത്തെ ഹോംവർക്കും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Leave A Comment