ജാലകത്തിനിപ്പുറം; ആൻസി ആന്റു എഴുതിയ കവിത
ജാലകത്തിനിപ്പുറം
ആഴ്ന്നിറങ്ങി നീ
എൻ ആത്മാവിൽ—
മാരിവില്ലിന്റെ
മൃദുലവർണമായി...
ഈറനണിഞ്ഞ പ്രകൃതിക്കുമേൽ
തുറന്ന ജാലകപ്പാളിയരികിൽ
നിന്നോടൊന്ന് ചേർന്നിരിക്കാൻ
കൊതിയോടെ ഓടിയെത്തിയപ്പോൾ,
ഒരു മൗനച്ചിരിയോടെ
ജാലകം ചാരിയടച്ച്
നീ മറഞ്ഞുപോയി...
അറിഞ്ഞിരുന്നോ നീ—
എൻ ഹൃദയത്തിന്റെ
പറയാതെ പോയ തേങ്ങലുകൾ?
തുറക്കപ്പെടാത്ത
ആ ജാലകത്തിനിപ്പുറം
ഓരോ ദിവസവും
ഓരോ നിമിഷവും
ഞാൻ കാത്തുനിന്നിരുന്നു—
ഒരൊറ്റ വിളിക്കായി...
നിശ്ചലമായ
വാതിൽപ്പാളിയുടെ
ഇരുപുറങ്ങളിലും
ഞാനും... നീയും...
ചേർത്തണയ്ക്കാൻ
വെമ്പുന്ന ഹൃദയം എന്റേത്;
അകലങ്ങൾ കാത്തുസൂക്ഷിക്കുന്നത്
നിന്റേത്...
ഇനിയുമെത്ര ദൂരം
താണ്ടണം എനിക്ക്,
ഈ മൂകവാചാലതയിൽ
അലിയാൻ...
ആ സ്നേഹാമൃതത്തിന്റെ
ഒരുതുള്ളി നുകരാൻ...
നിൻ മൊഴികൾക്കായി
കാതോർത്ത്,
ഈ വാതിൽപ്പടിയിൽ
ഞാൻ ഇന്നും
കാത്തിരിക്കുന്നു...
ആൻസി ആന്റു
Leave A Comment