കാലം മായ്ക്കാത്ത നടുവം മുദ്രകൾ
മലയാള സാഹിത്യചരിത്രത്തിന്റെ ആകാശത്ത് തങ്ങളുടെ സർഗപ്രതിഭയുടെ തിളക്കമാർന്ന അടയാളങ്ങൾ പതിപ്പിച്ച് നിത്യസ്മരണീയരായവരാണ് നടുവം കവികൾ. ചാലക്കുടിയിലെ പുരാതനമായ നടുവം മന മലയാള കാവ്യലോകത്തിന് സംഭാവന ചെയ്ത രണ്ട് മഹാപ്രതിഭകളാണ് നടുവത്ത് അച്ഛൻ നമ്പൂതിരിയും മകൻ മഹൻ നമ്പൂതിരിയും. കേരളത്തിന്റെ സാംസ്കാരിക സാഹിത്യരംഗത്ത് ചാലക്കുടിയുടെ സ്ഥാനം ഉയർത്തിപ്പിടിച്ചവരായിരുന്നു ഇരുവരും.
പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കൊടുങ്ങല്ലൂർ കളരിയിൽ നടുവം കവികൾക്ക് സുപ്രധാന സ്ഥാനമുണ്ടായിരുന്നു. ക്ലാസിക് കാലഘട്ടത്തിനും ആധുനിക കാലഘട്ടത്തിനും ഇടയിൽ മലയാളഭാഷയെ സാധാരണക്കാരിലേക്ക് കൂടുതൽ അടുപ്പിച്ച കാവ്യപാരമ്പര്യത്തിന്റെ വക്താക്കളായിരുന്നു അവർ. ചാലക്കുടിയിൽ ജനിച്ച ഈ സർഗധനർ ഇന്ന് വിസ്മൃതിയിലേക്ക് മറയുകയാണോ എന്ന ആശങ്ക ഉയരുന്നുണ്ട്. മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഈ കവികൾക്കായി ചാലക്കുടിയിൽ ഇന്നും ഉചിതമായ സ്മാരകം ഉയർന്നിട്ടില്ലെന്നത് ഖേദകരമാണ്.
നടുവത്ത് അച്ഛൻ നമ്പൂതിരി
നടുവത്ത് ദിവാകരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകനായി അച്ഛൻ നമ്പൂതിരി 1841-ലാണ് ജനിച്ചത്. കവിയുടെ യഥാർഥ പേരും ദിവാകരൻ എന്നായിരുന്നു. ഇല്ലായ്മയുടെ മടിത്തട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭക്തിയും വിരക്തിയും ദാരിദ്ര്യവും നിറഞ്ഞ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തെ കുചേല ബ്രാഹ്മണനോട് ഉപമിക്കാവുന്ന വ്യക്തിയായാണ് ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ രേഖപ്പെടുത്തിയിട്ടുള്ളത്. അച്ഛൻ നമ്പൂതിരിയുടെ ജനനത്തിന് മുമ്പുതന്നെ പിതാവായ ദിവാകരൻ നമ്പൂതിരി അന്തരിച്ചിരുന്നു.
മാതൃഗൃഹമായ അവിട്ടത്തൂർ കടുപ്പിള്ളി ഇല്ലത്തിലായിരുന്നു അച്ഛൻ നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഉപനയനം മരുത്തോപ്പിള്ളി ഇല്ലത്തും സമാവർത്തനം നെല്ലായി കുന്നത്തുമനയിലുമായിരുന്നു. പാലപ്പുറത്ത് ഗോവിന്ദൻ നമ്പ്യാർ, പൂന്തോട്ടത്ത് നമ്പൂതിരി, പുഷ്പകത്ത് വാസു നമ്പ്യാർ എന്നിവരായിരുന്നു ഭാഷാപഠനത്തിലെ ഗുരുനാഥന്മാർ. തൈക്കാട്ട് നാരായണൻ മൂസും ഇട്ടി മൂസും അദ്ദേഹത്തിന് വൈദ്യവിദ്യ അഭ്യസിപ്പിച്ചു.
ചാലക്കുടിക്കടുത്തുള്ള വടക്കാഞ്ചേരി ഇല്ലം പുരുഷപ്രജയില്ലാതെ അന്യംനിൽക്കുന്ന അവസ്ഥയിലായപ്പോൾ, അവിടത്തെ ഏക അംഗമായ പെൺകുട്ടിയെ 1864-ൽ അച്ഛൻ നമ്പൂതിരി വിവാഹം കഴിച്ചു. കൊച്ചി രാജാവിന്റെ തിട്ടൂരമനുസരിച്ച് ആ ഇല്ലത്തിലെ സ്വത്തുക്കളും അദ്ദേഹത്തിന് ലഭിച്ചു. ഇതോടെ കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങൾക്ക് വലിയൊരളവിൽ പരിഹാരമായി. ഈ ദാമ്പത്യബന്ധത്തിൽ ജനിച്ച മകനാണ് പിന്നീട് പ്രസിദ്ധനായ മഹൻ നമ്പൂതിരി.
തത്തപ്പിള്ളി, നെടുമ്പിള്ളി എന്നീ നമ്പൂതിരി ഇല്ലങ്ങൾ സന്തതികളില്ലാതെ അന്യംനിന്നതോടെ അവിടത്തെ സ്വത്തുക്കളും തിട്ടൂരം വഴി നടുവം മനയ്ക്ക് ലഭിച്ചു. ഇതോടെ കുടുംബത്തിന്റെ സാമ്പത്തികനില കൂടുതൽ മെച്ചപ്പെട്ടു. കോടശ്ശേരി കർത്താക്കന്മാരുടെ സ്വരൂപം വക കാര്യങ്ങളിൽ ഭരണതന്ത്രജ്ഞനെന്ന പേരും അച്ഛൻ നമ്പൂതിരി സമ്പാദിച്ചിരുന്നു. മികച്ച ഭിഷഗ്വരൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
1913-ലാണ് അച്ഛൻ നമ്പൂതിരി അന്തരിച്ചത്. ഒരു സദ്പ്രഭുവിനെയും കവീന്ദ്രനെയും വൈദ്യമുഖ്യനെയുമാണ് ഒരുമിച്ച് നഷ്ടമായതെന്ന് മഹാകവി വള്ളത്തോൾ അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
അച്ഛൻ നമ്പൂതിരിയുടെ പ്രധാന കൃതിയാണ് ഭഗവദൂത്. അംബോപദേശം, ഭഗവൽസ്തുതി, ആരോഗ്യസ്തവം, ശൃംഗേരി യാത്ര, അക്രൂരഗോപാലം തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. ഇരുനൂറോളം കത്തുകളും അദ്ദേഹത്തിന്റേതായി ലഭ്യമാണ്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണി തമ്പുരാൻ, കൊട്ടാരത്തിൽ ശങ്കുണ്ണി, ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ തുടങ്ങിയവർക്കാണ് അദ്ദേഹം കൂടുതലായും കത്തുകൾ എഴുതിയിരുന്നത്.
കുമാരസംഭവം, മഹാഭാരതം, കർണപർവം തുടങ്ങിയ അപൂർണ കൃതികളും നിരവധി കവിതകളും മുക്തകങ്ങളും അച്ഛൻ നമ്പൂതിരി രചിച്ചിട്ടുണ്ട്. സഹൃദയഹൃദയങ്ങളിൽ ഇടം നേടിയ മനോഹരമായ നാടകമാണ് ഭഗവദൂത്. ഏഴ് അങ്കങ്ങളുള്ള ഈ നാടകത്തിൽ ഭഗവാന്റെ കപടനിദ്ര മുതൽ വിശ്വദർശനം വരെയുള്ള സംഭവങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്.
ശുദ്ധമായ ഭാഷാപദങ്ങൾ കോർത്തിണക്കി ശ്രവണസുന്ദരമായ പദ്യങ്ങൾ സൃഷ്ടിക്കുന്നതിൽ അസാധാരണമായ കഴിവുണ്ടായിരുന്ന കവിയായിരുന്നു അച്ഛൻ നമ്പൂതിരി. മിടുക്കനായിരുന്ന മകൻ 23-ാം വയസ്സിൽ മരണമടഞ്ഞപ്പോൾ ആ ദുഃഖസംഭവത്തെക്കുറിച്ച് കേരളചന്ദ്രികയ്ക്കും മനോരമയ്ക്കും ശ്ലോകരൂപത്തിലുള്ള കത്തുകൾ എഴുതിയിരുന്നു. മറ്റൊരു സന്ദർഭത്തിൽ ഇല്ലം കത്തിനശിച്ചുവെന്നറിഞ്ഞ കൊച്ചുണ്ണി തമ്പുരാൻ എഴുതിയ ശ്ലോകങ്ങൾ സ്വീകരിച്ച തിരുമനസ്സ് ഇല്ലം പുനർനിർമിക്കുന്നതിനായി 60 കുറ്റി തേക്കുമരം നൽകിയതായി പഴമക്കാർ പറയുന്നു. അങ്ങനെയാണ് നടുവം ഇല്ലത്തിന്റെ രണ്ടുകെട്ട് മാളിക നിർമിച്ചതെന്നും പറയപ്പെടുന്നു.
നടുവത്ത് മഹൻ നമ്പൂതിരി
അച്ഛൻ നമ്പൂതിരിയുടെ മകനായി 1863-ലാണ് നടുവത്ത് മഹൻ നമ്പൂതിരി ജനിച്ചത്. നാരായണൻ എന്നായിരുന്നു യഥാർഥ പേര്. പിതാവ് തന്നെയായിരുന്നു ആദ്യ ഗുരുനാഥൻ. വൈലൂർ ഈച്ചര വാരിയർ, തെക്കേ പുഷ്പകത്ത് വാസു നമ്പ്യാർ, ഇടമന ഇളയത് എന്നിവരും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു.
വിദ്വാന്മാരുടെ കേളീരംഗമായിരുന്ന കൊടുങ്ങല്ലൂർ കോവിലകത്തേക്കാണ് മഹൻ നമ്പൂതിരിയെ പിന്നീട് അയച്ചത്. കവിശ്രേഷ്ഠന്മാരായ കൊച്ചുണ്ണി തമ്പുരാൻ, കങ്ക തമ്പുരാട്ടി എന്നിവരിൽനിന്ന് കാവ്യവും നാടകവും അലങ്കാരശാസ്ത്രവും അഭ്യസിച്ചു. കുഞ്ഞിരാമവർമ തമ്പുരാനിൽനിന്ന് വ്യാകരണവും ഹൃദിസ്ഥമാക്കി. ഇക്കാലത്ത് പ്രഗത്ഭരായ നിരവധി കവികളുമായി സഹപാഠിയായിരിക്കാനും അവരുടെ സൗഹൃദവും സാന്നിധ്യവും അനുഭവിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.
കൊച്ചി വിദ്യാഭ്യാസ വകുപ്പിന്റെ അധ്യക്ഷനായിരുന്ന സി.പി. അച്യുതമേനോന്റെ നിർദേശപ്രകാരം മഹൻ നമ്പൂതിരി കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ അധ്യാപകനായി സേവനമാരംഭിച്ചു. പിന്നീട് 1895-ൽ പഴയന്നൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അനുജന്റെ മരണവും പിതാവിന്റെ രോഗവും കാരണം അധ്യാപകവൃത്തിയിൽനിന്ന് വിരമിച്ച് നടുവം ഇല്ലത്തുതന്നെ താമസമാക്കി.
ഭക്തിലഹരി, സന്താനഗോപാലം, ആശ്രമപ്രവേശം, മഹാത്മാഗാന്ധി, ഗാന്ധിവിജയ പ്രാർഥനാശതകം, ഉപദേശസ്തവം തുടങ്ങിയവയാണ് മഹൻ നമ്പൂതിരിയുടെ പ്രധാന കൃതികൾ. മലയാള മനോരമ, രസികരഞ്ജിനി, കവനോദയം എന്നീ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം മികച്ച കവിതകൾ എഴുതിയിരുന്നു. ഉത്തരരാമചരിതം, മുദ്രാരാക്ഷസം, സാരോപദേശശതകം, ഘോഷയാത്ര, ഗുരുവായൂരപ്പന്റെ കഥ, സ്തവമഞ്ജരി, കാവ്യശകലങ്ങൾ, മഹിഷമർദനം തുടങ്ങിയവയും അദ്ദേഹത്തിന്റെ രചനകളാണ്.
ഗാന്ധിജിയെക്കുറിച്ച് മലയാളത്തിൽ ആദ്യമായി കവിതയെഴുതിയത് നടുവത്ത് മഹൻ നമ്പൂതിരിയാണെന്ന് പറയപ്പെടുന്നു. നാനിക്കുട്ടിയമ്മയായിരുന്നു പത്നി. ആധ്യാത്മിക ചൈതന്യവും ഭക്തിയും നിറഞ്ഞുനിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. ഭാഷാവൃത്തങ്ങളും നാടൻശീലുകളും ഒരുപോലെ വഴങ്ങിയിരുന്ന കവിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൈകൊട്ടിപ്പാട്ടുകൾ ഇതിന് ഉത്തമ ഉദാഹരണമാണ്.
ഗുരുവായൂരപ്പനും പിഷാരിക്കലമ്മയും എന്ന കൃതി വൃത്തവൈവിധ്യംകൊണ്ടും അക്ഷരക്കൂട്ടങ്ങളുടെ പ്രയോഗമികവുകൊണ്ടും ഏറെ ഹൃദ്യമാണ്. ഇന്ത്യൻ സ്വാതന്ത്ര്യബോധം മഹൻ നമ്പൂതിരിയെ ഏറെ സ്വാധീനിച്ചിരുന്നതായി 'മഹാത്മാഗാന്ധി' എന്ന രചനയിലൂടെ മനസ്സിലാക്കാം.
പിതാവിനെപ്പോലെ നിരവധി കത്തുകളും അദ്ദേഹം എഴുതിയിരുന്നു. കോടതിയിൽ സ്വന്തം കവിത ചൊല്ലി കേസ് തനിക്ക് അനുകൂലമാക്കിയെന്നു പറയപ്പെടുന്ന ഒരു കത്ത് പ്രസിദ്ധമാണ്. ചാലക്കുടി റെയിൽവേ സ്റ്റേഷൻ നടുവം ഇല്ലം വക സ്ഥലത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഷ്ടവൈദ്യൻ നാരായണൻ മൂസിന് എഴുതിയ കത്തും ഏറെ പ്രാധാന്യമർഹിക്കുന്നു. 1944-ലാണ് മഹൻ നമ്പൂതിരി അന്തരിച്ചത്.
സ്മരണകൾ നിലനിൽക്കണം
നടുവം കവികളുടെ കൃതികൾ കോഴിക്കോട് സർവകലാശാല പാഠപുസ്തകങ്ങളായി ഉൾപ്പെടുത്തിയിരുന്നു. അവരുടെ സാഹിത്യസംഭാവനകളുടെ പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നു. ചാലക്കുടി നഗരസഭയുടെ വായനശാല നടുവം സ്മാരകമായാണ് പ്രവർത്തിക്കുന്നത്.
എന്നാൽ മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഈ രണ്ട് കവികളുടെ ഓർമകൾ നിലനിർത്താൻ ഇതുമാത്രം മതിയാകില്ല. അവരുടെ ജീവിതവും സാഹിത്യസംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പഠനങ്ങളും സ്മാരകങ്ങളും കൂടുതൽ ഉണ്ടാകേണ്ടതുണ്ട്. ചാലക്കുടിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ നടുവം കവികളെ വിസ്മൃതിയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കേണ്ടത് നാടിന്റെ ഉത്തരവാദിത്തമാണ്.
Leave A Comment