അമ്പഴക്കാട് സെന്റ് തോമസ് ദേവാലയം
വാൽക്കണ്ണാടി
ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമഗണനീയമായി പ്രകീർത്തിക്കപ്പെടുന്ന ക്രൈസ്തവ ദേവാലയമാണ് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോനാ പള്ളി. ഇത് ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കുണ്ടാകുന്ന പത്താമത്തെ ദേവാലയമായി വിശേഷിക്കപ്പെടുന്നു. സെന്റ് തോമസ് ഫൊറോനാ എ.സി 300 ലാണ് സ്ഥാപിച്ചത്. എന്നാൽ യഥാർഥ വർഷം എ.ഡി 317 -ൽ ആണെന്നും പറയപ്പെടുന്നു.
ചരിത്ര ഗ്രന്ഥങ്ങളിൽ ഈ ദേവാലയത്തെ കുറിച്ചുള്ള പരാമർശങ്ങളിലൊന്ന്
കൊടുങ്ങല്ലൂരിൽ നിന്നും മലനാടുകളിലേക്ക് കുടിയേറി പാർത്തതിന്റെ ഭാഗമായിട്ടാണ് അമ്പഴക്കാടിൽ ക്രിസ്ത്യാനികൾ എത്തിച്ചേർന്നത്. ചരിത്ര ഗ്രന്ഥങ്ങളിൽ ഈ ദേവാലയത്തെ സംബന്ധിച്ച് പരാമർശങ്ങളുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്.

മുകുന്ദപുരം താലൂക്കിൽ ചാലക്കുടിക്കടുത്ത് അമ്പഴക്കാട് എന്ന സ്ഥലത്ത് ജെസ്യൂട്ട് സംഘക്കാർ ക്രി.അ.1530 മാണ്ട് സെന്റ് തോമസിന്റെ നാമധേയത്തിൽ ഒരു പള്ളിയും പാഠശാലയും സ്ഥാപിച്ചു. ഉദയം പേരൂർ വച്ച് 1599 -ൽ നടത്തിയ മഹാസഭയിലെ നിശ്‌ചയങ്ങളാൽ ഈ പള്ളിക്കും പാഠശാലക്കും വളരെ പ്രാധാന്യത്തെ സൃഷ്ടിച്ചു. അമ്പഴക്കാട്ടെ ക്രിസ്ത്യാനികളുടെ മേൽ സമ്പാളൂരിലെ ഈശോ സഭക്കാർക്ക് നല്ല സ്വാധീനം ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. തോമാശ്ലീഹാ എ.ഡി 52 -ൽ കൊടുങ്ങല്ലൂരിലെത്തിയപ്പോൾ അന്നത്തെ ഭരണാധികാരി ബാണവർമ്മൻ എന്ന പേരുള്ള ഉഭയൻ ചേരലതനായിരുന്നു .അദ്ദേഹത്തിന്റെ മരുമകനായ കേപ്പയാണ് ഭാരതത്തിന്റെ ആദ്യത്തെ പുരോഹിതനും മെത്രാനും എന്ന് ചരിത്രങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്.
അമ്പഴക്കാട് പള്ളി സ്ഥാപിച്ചതിനു പിന്നിലുള്ള ഐതിഹ്യം
ഈ കേപ്പാ പുരോഹിതന്റെ സ്വാധീനത്തിലാണ് അമ്പഴക്കാട് ക്രിസ്ത്യാനികൾ അവിടെ വാസമുറപ്പിച്ചിരുന്നത്. അമ്പഴക്കാട് പള്ളി സ്ഥാപിച്ചതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. അമ്പഴക്കാട് ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ കോട്ടപ്പുറം ചന്തയടക്കമുള്ള മുചിരി പട്ടണത്തിൽ വ്യവസായവും കച്ചവടവും നടത്തിയിരുന്നു.

കൊടുങ്ങല്ലൂർ തമ്പുരാൻ ഹിന്ദുക്കൾക്കായി കണ്ണകി ക്ഷേത്രം നിർമ്മിച്ചപ്പോൾ നമുക്കും ഒരു ദേവാലയം വേണമെന്ന് ആഗ്രഹിച്ച് ക്രിസ്ത്യാനികൾ അമ്പഴക്കാടും ഒരു പള്ളി പണിയുവാൻ ശ്രമങ്ങൾ ആരംഭിച്ചു. അമ്പഴക്കാട് മേക്കാളി മനയിലെ നമ്പൂതിരിമാർ ഇതിനായി ദാനം ചെയ്ത സ്ഥലത്താണ് പള്ളി സ്ഥാപിച്ചത്. ഇവിടം അമ്പലക്കാട് എന്നും അറിയപ്പെട്ടിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് അമ്പഴക്കാട് എന്ന് പേര് ഭവിച്ചത്. ഇന്നും അമ്പഴക്കാട് മനക്കാർ മാളയിലെ തെക്കു ഭാഗത്തുള്ള പൂപ്പത്തി എന്ന സ്ഥലത്ത് താമസമുണ്ട്.

ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ 1789-ൽ സമ്പാളൂരിലെ ദേവാലയവും സെമിനാരിയും അച്ചുകൂടങ്ങളും തകർക്കാൻ കഴിഞ്ഞെങ്കിലും അമ്പഴക്കാട് പള്ളിക്ക് ഒരു പോറൽ പോലും ഏൽപ്പിക്കുവാൻ കഴിഞ്ഞില്ല. അത്രക്കും പ്രകൃതി ദത്തമായ ഉറപ്പിൽ ഭിത്തികൾ നിർമ്മിച്ചത് കൊണ്ട് പീരങ്കികൾക്ക് പോലും തോറ്റു മാറേണ്ടി വന്നു. അമ്പത്തിയാറ് ഇഞ്ച് കനത്തിൽ വെട്ടുകല്ലും കുമ്മായവും കുന്നിപ്പശയും ചേർത്ത ചേരുവ കൊണ്ടുണ്ടാക്കിയ പള്ളിയുടെ ഒരു കല്ല് പോലും ഇളക്കുവാൻ സാധിക്കില്ല എന്നത് ഒരു ചരിത്ര വസ്തുതയായി നില നിൽക്കുന്നു. ഈ ദേവാലയത്തെ കേന്ദ്രീകരിച്ച് പിന്നീടുള്ള കാലങ്ങളിൽ വിവിധ ക്രൈസ്തവ സ്ഥാപനങ്ങൾ ആരംഭിച്ചു.
ആണ്ട് തോറും ജൂലൈ 3 ന് സെന്റ് തോമസ് ദിനം ആചരിച്ചു പോരുന്നു
കർമ്മലീത്ത സന്യാസികളുടെ ഒരു ഭവനം 1897 -ൽ സമീപ പ്രദേശമായ വൈന്തലയിൽ സ്ഥാപിച്ചു. പള്ളിയുടെ കീഴിൽ 1903 -ൽ സെന്റ് തോമസ് എൽപി സ്‌കൂളും സ്ഥാപിച്ചു. ചരിത്ര പ്രാധാന്യത്തിന്റെ അംഗീകാരമെന്നോണം 1944 തൃശൂർ രൂപതയിലായിരുന്ന ഈ ദേവാലയത്തെ ഫൊറോനയായി ഉയർത്തി ഇന്നത്തെ പ്രമുഖ ദേവാലയങ്ങളായ കൊരട്ടി, പുത്തൻ ചിറ, ചാലക്കുടി, മാള, താണിശ്ശേരി, അന്നമനട, കല്ലൂർ, വൈന്തല ഇടവകകൾ അമ്പഴക്കാട് പള്ളിയിൽ നിന്ന് തിരിഞ്ഞുണ്ടായതാണ്. മാത്രമല്ല ഈ കൂട്ടായ്മയിൽ നിന്നും തിരിഞ്ഞ് സ്വതന്ത്ര സ്വഭാവമുള്ള ഇടവകകളും നിലവിൽ വന്നു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പായിരുന്ന മാർ ജെയിംസ് പഴയാറ്റിൽ 2013 ജൂൺ 30ന് തന്റെ പരിശ്രമ ഫലമായി ഫ്രാൻസിസ് മാർപാപ്പയുടെ ഓർത്തോണിയിൽ നിന്നും സെന്റ് തോമസിന്റെ തിരുശേഷിപ്പ് അമ്പഴക്കാട് ഫൊറോനാ പള്ളിയിൽ ഒരു തീർഥാടന കേന്ദ്രത്തിന്റെ ആലങ്കാരികതയിൽ ആണ്ട് തോറും ജൂലൈ മൂന്നാം തിയതി സെന്റ് തോമസ് ദിനം ആചരിച്ചു പോരുന്നു.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment