തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം
ആചാരാനുഷ്ഠാനങ്ങളുടെ അപൂർവ്വത കൊണ്ടും ചരിത്ര മഹാത്മ്യം കൊണ്ടും പൗരാണിക പ്രൗഢി കൊണ്ടും പ്രസിദ്ധമാണ് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം. കൊടുങ്ങല്ലൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രത്തെ കേരളത്തിലെ ഏക ശൈവ തിരുപ്പതിയായി വിശേഷിപ്പിക്കുന്നു . മാത്രമല്ല കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രമാണിത്.
ഇവിടുത്തെ പ്രധാന മൂർത്തി ശിവനാണ്. ശിവന്റെ ഏറ്റവും ഉത്തമ ഭാവം സദാശിവ ഭാവമാണെന്ന് വിശ്വസിക്കുന്നു. കിഴക്കോട്ടാണ് ദർശനം. അഞ്ച് പൂജയുണ്ട്. പരമേശ സമ്പ്രദായത്തിലാണ് പൂജാദി കർമ്മങ്ങൾ.
എല്ലാ ഉപദേവന്മാരും പഴയ കാലം മുതലുള്ളവയുമാണ്. ഗണപതി, ചേരമാൻപെരുമാൾ, സുന്ദര മൂർത്തി നായനാർ, ഭൃംഗീരടി, സന്ധ്യ വേലക്കൽ ശിവൻ, പള്ളിയറ ശിവൻ, ശക്തി പഞ്ചാക്ഷരി, ഭഗവതി, പാർവ്വതി, പരമേശ്വരൻ , പ്രദോഷ നൃത്തം, സപ്‌ത മാതൃക്കൾ, ഋഷഭം, ചണ്ഡികേശൻ, ഉണ്ണിത്തേവർ, അയ്യപ്പൻ, ഹനുമാൻ, നാഗരാജാവ്, പശുപതി, നടക്കൽ ശിവൻ, സുബ്രമണ്യൻ, ദുർഗ്ഗഭഗവതി, ഗംഗാ ഭഗവതി, കൊന്നക്കൽ ശിവൻ, കൊട്ടാരത്തിൽ തേവർ, നാഗയക്ഷി, ദക്ഷിണാ മൂർത്തി, ആൽത്തറ ഗോപുടാൻ സ്വാമി എന്നിവരാണ് പ്രധാന ഉപദേവന്മാർ.
തിരുവഞ്ചിക്കുളം സഭാപതി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപദേവതകൾ പല്ലവ നരസിംഹൻ രണ്ടാമന്റെ കാലത്ത് എ ഡി 700 ൽ പണി തീർത്ത കാഞ്ചിയിലെ കൈലാസ നാഥ സ്വാമി ക്ഷേത്രത്തിലാണ്. അവിടെ 58 ഉപ ക്ഷേത്രങ്ങളുണ്ട്. ഈ ഉപദേവതമാരിൽ പ്രദോഷ നൃത്തം എന്ന നടരാജ വിഗ്രഹത്തിന്റെ പീഠത്തിൽ തിരുവഞ്ചിക്കുളം സഭാപതി എന്ന് തമിഴിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാവരെയും സ്നേഹിച്ച മഹാ പ്രതിഭാധനനായിരുന്ന ചേരമാൻ പെരുമാൾ എന്നാണു ഇതിൽ നിന്നും മനസ്സിലാകുന്നത്. ചേരമാൻ പെരുമാളും സുന്ദര മൂർത്തിനായനാരും 63 ശൈവ നായനാർമാരിൽ പ്രമുഖരാണ്. ചേരമാൻ പെരുമാളുടെ കാലത്ത് നിർമ്മിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്ത ക്ഷേത്രമാണ് തിരുവഞ്ചിക്കുളം എന്നും ഇരുവരും ഈ ക്ഷേത്രത്തിൽ വച്ച് സ്വര്ഗാരോഹണം ചെയ്തു എന്നും വിശ്വാസമുണ്ട്. രണ്ടു പേരുടെയും പഞ്ച ലോഹ വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.

ഈ വിശ്വാസം 16 ആം നൂറ്റാണ്ടിലെ മുസ്ലിം ചരിത്ര പണ്ഡിതനായ ഷെയ്ഖ് സൈനുദീൻ ശരിവെക്കുന്നുണ്ട്. സ്വർഗാരോഹണം സംബന്ധിച്ച് ജനങ്ങളുടെ ഇടയിൽ നില നിന്നിരുന്ന വിശ്വാസത്തെക്കുറിച്ചും ബഹുമാനാർഥം കർക്കടകത്തിലെ ചോതി നാളിൽ അവരുടെ ചരമ ദിനം കൊണ്ടാടിയിരുന്നതും തുഹുത്തുൽ മുജാഹുദീനിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ് നാട്ടുകാർ 1941 മുതൽ വീണ്ടും ഇവിടെയെത്തി ഈ ആഘോഷം നടത്തി വരുന്നുണ്ട്. ചേരമാൻ പെരുമാളിന് എല്ലാ ജീവികളുടെയും ഭാഷ അറിയാമായിരുന്നത്രേ. നയനാർമാരിൽ കീഴാറ്ററിവർ എന്നാണ് ചേരമാൻ പെരുമാളെ പ്രകീർത്തിക്കുന്നത്. എ ഡി 351 മുതൽ എ ഡി 851 വരെയുള്ള കാലഘട്ടങ്ങളിലെ ശൈവ സന്യാസിമാരാണ് നായനാർമാർ. ഇവരിൽ രണ്ടു പേർ മലയാളികളാണ്. തിരുവഞ്ചിക്കുളത്തെ ചേരമാൻ പെരുമാൾ നായനാരും ചെങ്ങന്നൂരിലെ വിരാണമിരു നായനാരും.
ചരിത്രം സാക്ഷി
തിരുവഞ്ചിക്കുളത്തെ പ്രധാന വഴിപാട് ശംഖാഭിഷേകമാണ്. എല്ലാ ദിവസവും നവകവു മുണ്ട്. കുംഭത്തിലെ കറുത്ത വാവ് ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം ആഘോഷിക്കുന്നു. പഴയ കാലത്ത് ഈ ഉത്സവത്തിന് മുൻപ് ചേരമാൻ പെരുമാളിന് കീഴിലുണ്ടായിരുന്ന 34 സ്വരൂപികളും രക്ഷാഭോഗം എന്ന 'വാർഷികക്കപ്പം' എത്തിക്കണമായിരുന്നു.
കൊല്ലും കൊലയും നടത്താൻ അധികാരമുള്ള രാജാവ് ഭരിക്കുന്ന സ്ഥലമാണ് സ്വരൂപം. വാർഷികക്കപ്പം 51 നും 360 നുമിടയിലുള്ള രാശിപ്പണമായിരുന്നു. സ്വരൂപങ്ങൾ 17 എണ്ണം നീലേശ്വരത്തിനുവടക്കും 17 എണ്ണം തെക്കുമാണ്. തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിന് പഴയ കാലം മുതലേ ആനയോട്ടമുണ്ട്. കുന്നത്ത് പടിഞ്ഞാറേടത്ത് ഇല്ലത്തിനാണ് തന്ത്രി സ്ഥാനം.
നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയാണ് ഈ ക്ഷേത്രം. എ ഡി 345 ൽ കൊടുങ്ങല്ലൂരിൽ എത്തിയ കാനായി തൊമ്മന് പെരുമാൾ നൽകിയ ചെപ്പേട് തിരുവഞ്ചിക്കുളം ക്ഷേത്രത്തിന്റെ വടക്കേ നടയിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് ഗുണ്ടർട്ട് വെളിവാക്കുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇതിന്റെ പോർച്ചുഗീസ് പരിഭാഷയുണ്ടത്രേ. യഥാർത്ഥ ചെപ്പേട് കണ്ടു കിട്ടിയിട്ടില്ല.

കുലശേഖരപ്പെരുമാക്കന്മാർക്കു ശേഷം കൊച്ചി രാജാവിന്റെ അഥവാ പെരുമ്പടപ്പ് രാജവംശത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രം. പെരുമ്പടപ്പ് സ്വരൂപത്തിന് സാമൂതിരിയുടെ ആക്രമണം മൂലം നിൽക്കക്കള്ളി ഇല്ലാതെ വന്നതിനാൽ അവിടെ നിന്ന് തലസ്ഥാനവും ഈ ക്ഷേത്രത്തിലേക്കാണ് മാറ്റി.
പാലിയത്ത് നിന്നും കണ്ടെടുത്ത ചെമ്പു തകിടിൽ തിരുവഞ്ചിക്കുളം ഉൾപ്പെടെ എട്ടു പ്രധാന ക്ഷേത്രങ്ങൾ കൊച്ചിയുടെ അധീനതയിലായിരുന്നുവെന്ന് മനസ്സിലാക്കാനാകും. എടവിലങ്ങിൽ അക്കാലത്ത് നിര്‍മ്മിച്ച കോവിലകം കൊച്ചി രാജാവ് പണി തീർത്തതാണെന്ന് കരുതുന്നു. ഈ കോവിലകമുള്ള എടവിലങ് വില്ലേജിലാണ് തിരുവഞ്ചിക്കുളം ക്ഷേത്രം ചേർത്തിരുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ കൊടുങ്ങല്ലൂർ രാജാവിന്റേതായിരുന്നു. പെരുമ്പടപ്പ് രാജാവിന്റെ പ്രധാന ക്ഷേത്രമായിരുന്നതിനാൽ രാജാക്കന്മാരെയും നാടുവാഴികളെയും ഈ ക്ഷേത്ര നടയിൽ കൊണ്ടു വന്നാണ് സത്യം ചെയ്യിച്ചിരുന്നത്.
ഡച്ചുകാർ ഈ ക്ഷേത്രം ആക്രമിച്ച് തകർത്തിരുന്നു
സാമൂതിരിയുടെ ഭാഗം ചേർന്ന അങ്ങാടിപ്പുറത്തെ മങ്കട, കടുത്ത മണ്ണ്, അരിപ്ര കോവിലകങ്ങളിലെ രാജാക്കന്മാരെ ഇവിടെ വരുത്തി 973 മിഥുനം മൂന്നിന് കച്ചീട്ട് വെപ്പിച്ച് മിഥുനം അഞ്ചിന് ക്ഷേത്ര നടയിൽ സത്യം ചെയ്യിച്ചു. തൃപ്പാപ്പൂര്‍ സ്വരൂപവും പെരുമ്പടപ്പ് രാജാവുമാണ് ഇവരെ വരുത്തിയത്. ഈ മൂന്ന് രാജാക്കന്മാരിൽ നിന്നും പ്രത്യേക ചീട്ടും എഴുതി വാങ്ങി.
ഇവരുടെ ക്ഷേത്രമായ തിരുമാന്ധാം കുന്നു ക്ഷേത്രത്തിലെ ആറാം പൂരം തൃപ്പാപ്പൂര്‍ സ്വരൂപത്തിലേക്കാണെന്നും ചീട്ടിലുണ്ട് . സാമൂതിരിയുടെ ശത്രുവായിരുന്ന വള്ളുവക്കോനാതിരിയുടെ ശാഖകളാണ് ഈ മൂന്ന് കോവിലകങ്ങളും. കോടശ്ശേരി കർത്താവ്, കൊരട്ടി കൈമൾ, വെള്ളോസ് നമ്പ്യാർ, ആറു നാട്ടിൽ പ്രഭുക്കന്മാർ, തൃശൂർ പെരുവനം ഗ്രാമത്തിലെ നമ്പൂതിരിമാർ എന്നിവരും ക്ഷേത്ര സന്നിധിയിൽ സത്യം ചെയ്തവരിൽ ഉൾപ്പെടുന്നു.

സാമൂതിരി പക്ഷം ചേർന്ന പാലിയത്തെ രണ്ടാമൻ കോപ്പനും കച്ചീട്ട് വച്ച് നടയിൽ സത്യം ചെയ്തു. ഡച്ചുകാർ ഈ ക്ഷേത്രം ആക്രമിച്ച് തകർത്തിരുന്നു. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവ വേളയിൽ 1670 മീനം 15 ന് അശ്വതി നാളിൽ പുലർച്ചക്കായി ഒരു നാഴിക നേരമുള്ളപ്പോഴായിരുന്നു ആക്രമണം.
ഇത് സംബന്ധിച്ച് 1670 ലെ തൈപ്പൂയ വിവരണത്തിൽ സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങളുണ്ട്. ഈ സമയത്ത് സാമൂതിരി തിരുവഞ്ചിക്കുളത്താണ് താമസിച്ചിരുന്നതെന്ന് വ്യക്തമാണ്. ഇതിൽ കൊടുങ്ങല്ലൂർ രാജാവും പാലിയത്തച്ചനും സ്ത്രീകളെ തിരിച്ചു വാങ്ങാൻ നടത്തിയ ശ്രമത്തെ ക്കുറിച്ച് പരാമർശമില്ല.
കൊടുങ്ങല്ലൂർ ഭരണിക്കാലത്ത് 1670 -ൽ കൊടുങ്ങല്ലൂരിൽ പടമുട്ടുണ്ടെന്ന് അറിഞ്ഞ് സാമൂതിരി തിരുവഞ്ചിക്കുളത്ത് അമ്പലത്തിന്റെ വടക്കു ഭാഗത്ത് വെളുത്ത നമ്പ്യാരുടെ ഇല്ലത്ത് എഴുന്നള്ളി താമസിച്ചു. ഡച്ചുകാർ അശ്വതി നാളില്‍ വെളുപ്പിന് തിരുവഞ്ചിക്കുളം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കൂടി അകത്ത് കടന്നു.
ലോകർ ക്ഷേത്രത്തിന്റെ അടുത്തുണ്ടായിരുന്നെങ്കിലും ഭരണി വേല കാണാൻ പോന്നതു മൂലം അവരാരും ആയുധമെടുത്തിരുന്നില്ല. കൊച്ചി രാജാവും കൊടുങ്ങല്ലൂർ രാജാവും അക്കാലത്ത് സാമൂതിരിക്ക് എതിരായിരുന്നെന്നുവെന്നും വ്യക്തമാകുന്നുണ്ട്. ഇത് ഡച്ചുകാർ മുതലെടുത്തു. തിരുവഞ്ചിക്കുളം ക്ഷേത്രം അക്കാലത്ത് സാമൂതിരിയുടെ വരുതിയിലാണെന്നും കരുതുന്നു. സാമൂതിരി ഇടക്കിടക്ക് തിരുവഞ്ചിക്കുളത്തേക്ക് എഴുന്നള്ളിയിരുന്നുവെന്നും പറയുന്നു.
ആക്രമണത്തിന് രണ്ടു വർഷം മുൻപ് ഇവിടെ താമസിക്കുമ്പോൾ എ ഡി 1688 ൽ കുഞ്ഞാലിമരക്കാർ സ്ഥാനം കൊടുക്കുന്നതായി സൂചനകളുണ്ട്. ടിപ്പു സുൽത്താന്റെ കാലത്തും ക്ഷേത്രം ആക്രമിക്കപ്പെട്ടു.
ക്ഷേത്രം എ ഡി 1801 -ൽ പുതുക്കിപ്പണിതു
തിരുവഞ്ചിക്കുളം ക്ഷേത്രം എ ഡി 1801 -ൽ പുതുക്കിപ്പണിതിരുന്നു. അക്കൊല്ലം തന്നെയാകണം പുനഃ പ്രതിഷ്ഠയും നടന്നത്. കൊച്ചിയിലെ മന്ത്രി പാലിയത്തെ ഗോവിന്ദനച്ചൻ ക്ഷേത്രം നമസ്കാര മണ്ഡപത്തിൽ മലയാളം ലിപിയിൽ എഴുതി വച്ചിട്ടുണ്ട്.

ചിദംബരം ക്ഷേത്രം ഏറ്റവും വലിയ ശൈവ കേന്ദ്രമായതിനാലോ കേരളവുമായി ഈ ക്ഷേത്രത്തിന് ബന്ധമുള്ളതിനാലോ ആണ് വിഗ്രഹങ്ങൾ അവിടെ നിന്നും കൊണ്ട് വന്നിരുന്നത്. ചിദംബരത്ത് നിന്നും ലിംഗം കൊണ്ട് വന്ന് കേരളത്തിലെ പല നാടുകളിലും പ്രതിഷ്ഠ നടത്തിയിരുന്നു. ചോള രാജാവിന്റെ കുടുംബ ദേവത ചിദംബരം ശിവനായിരുന്നു. ആ ക്ഷേത്ര ഗോപുരത്തിൽ നാട്യ ശാസ്ത്രത്തിലെ 108 നൃത്ത ഭാവങ്ങളുണ്ട്. കൊച്ചി രാജാവ് 1576- 1577 -ൽ ചിദംബരം ക്ഷേത്രത്തിൽ ദർശനം നടത്തി 32 തളികൾ നൽകിയിരുന്നു.
തിരുവഞ്ചിക്കുളം ശിവ ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്. പുല്ലൂറ്റ് കൃഷ്ണപുരം ശ്രീകൃഷ്ണൻ, പുല്ലൂറ്റ് വേട്ടക്കൊരു മകൻ, പുല്ലൂറ്റ് പന്തലാലുക്കൽ ഭഗവതി, പുല്ലൂറ്റ് കുന്നതൃക്കോവ്, കരൂപ്പടന്ന പാരിജാതപുരം എന്നീ ക്ഷേത്രങ്ങൾ തിരുവഞ്ചിക്കുളം ഗ്രൂപ്പിൽപ്പെടുന്നു.
ആലത്തൂർ, വടക്കാഞ്ചേരി, വില്ലേജുകളിലും കൊരട്ടി പഞ്ചായത്തിലും കുട്ടനാട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും തിരുവഞ്ചൂർ ദേവസ്വത്തിന് ഭൂമിയുള്ളതായും അറിയുന്നു
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment