വാല്‍ക്കണ്ണാടി

പുത്തൻചിറ സെന്റ് മേരീസ് ഫൊറോനാ ദേവാലയം

വാൽക്കണ്ണാടി


പുത്തൻചിറയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി പുണ്യം വഴിഞ്ഞൊഴുകുന്ന ചരിത്ര പ്രസിദ്ധമായ ദേവാലയമാണ്. ഈ ഭക്തി കേന്ദ്രം എ.ഡി. 400 - ൽ സ്ഥാപിച്ചതാണ്. 

മുസിരിസ്, മുയിരിക്കോട്, മഹോദയപുരം, മഹാദേവർ പട്ടണം, കുല ശേഖരപുരം എന്ന പേരുകളിലെല്ലാം പ്രശസ്തമായ സംഘകാല പേരുകളിലെല്ലാം അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന്റെ കീഴിലുള്ള  ഒരു ഗ്രാമമായിരുന്നു പുത്തൻചിറ. ആദ്യ നോറ്റാണ്ടുകളിൽ തന്നെ ക്രിസ്തു മത വിശ്വാസത്തിന്റെ വേരോട്ടം ഇവിടെ സ്ഥാപിതമാകുന്നതിനുള്ള പശ്ചാത്തലം കൊടുങ്ങല്ലൂരിൽ ഉണ്ടായിട്ടുള്ള വിവിധ സ്വഭാവങ്ങളുള്ള മതമർദ്ദനം തന്നെയാണ്. 
  
സുൽത്താന്റെ പടയോട്ടം ഈ വഴിത്താരയിലൂടെ
.ഡി.345 -ൽ പേർഷ്യയിൽ നിന്നും കൊടുങ്ങല്ലൂരിൽ എത്തിയ ക്‌നാനായിതൊമ്മന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ക്രൈസ്തവ സമൂഹം പള്ളിയുടെ നിർമ്മാണത്തിനായി പുത്തൻചിറ നിവാസികളെ സഹായിച്ചു. എന്നാൽ പ്രദേശിക കലാപങ്ങളും വർഗീയ ലഹളകളും ഈ വിശ്വാസ സമൂഹത്തെ തളർത്തുകയും ഒൻപതാം നൂറ്റാണ്ടിൽ പള്ളി നശിപ്പിക്കപ്പെട്ടതായും പറയുന്നു. അപ്പോൾ എ.ഡി 300 -ൽ സ്ഥാപിതമായിരുന്ന അമ്പഴക്കാട് പള്ളിയുമായി സഹകരിച്ച്  പ്രവർത്തിക്കാൻ അവർ തയാറായി. 



പോർച്ചു ഗീസുകാരുടെ വരവോടു കൂടി ഒരു കുരിശുപള്ളി പുത്തൻചിറ കടവിൽ സ്ഥാപിക്കുവാൻ സാധിച്ചു. കടവിനടുത്തായതിനാൽ ദീർഘ കാലത്തിന് ശേഷമാണെങ്കിലും എ.ഡി.1341 -ൽ പ്രളയത്തിൽ നശിച്ചു. പതിനഞ്ചാം നൂറ്റാണ്ടോടെ മാർ തോമ ക്രിസ്ത്യാനിസത്തിന്റെ പ്രചാരകനായിരുന്ന ഫാദർ വിൻസെന്റ് ഡി ചാഗ്‌സ് തന്റെ പരിശ്രമ ഫലമായി പുതിയ ദേവാലയവും വൈദിക മന്ദിരവും പൂർത്തിയാക്കി. തൃശിവ പേരൂരിൽ നിന്നും ടിപ്പു സുൽത്താന്റെ പടയോട്ടം നെടുങ്കോട്ട ലക്ഷ്യമാക്കി കോട്ട വാതിലിലേക്ക് പ്രയാണം തുടർന്നതും ഈ വഴിത്താരയിലൂടെയായിരുന്നു. അതിനാൽ തന്നെ പള്ളി തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. 

പുത്തൻചിറക്കും വെളയനാടിനുമിടയിൽ കുതിരത്തടം എന്ന ഒരു സ്ഥലം ഇപ്പോഴും ഉണ്ട്. പ്രദേശികമായി വിവിധ സമൂഹങ്ങളായി നില കൊണ്ടിരുന്ന സുറിയാനി ക്രിസ്ത്യാനികളെ റോമിന്റെ മേൽക്കോയ്മയിൽ കൊണ്ട് വരുന്നതിനായി 1959 -ൽ ആണ് ഉദയംപേരൂർ സൂനഹ ദോസ് സംഘടിപ്പിച്ചത്. മാർപാപ്പയുടെ അംഗീകാരമില്ലാതെയാണ് ഇത് സംഘടിപ്പിച്ചതത്രേ. 

ഇതിന്റെ സംഘാടകനായ ഗോവയിൽ നിന്നുള്ള മെനാസിസ് മെത്രാപോലീത്ത  അക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ പള്ളികൾ സന്ദർശിക്കുന്നതിനിടയിൽ പുത്തൻചിറ പള്ളിയും സന്ദർശിച്ചു. ഡച്ചുകാരുടെ കടന്നു വരവോടെ കൊടുങ്ങല്ലൂർ കോടതിയിൽ ഉണ്ടായിരുന്ന രൂപതയുടെ പ്രവർത്തനം പുത്തൻ ചിറയിലേക്ക് മാറ്റേണ്ടി വന്നു. 
  
1706 -ൽ പുതിയ മെത്രാസന മന്ദിരം പണികഴിപ്പിച്ചു
തിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ആർച്ച് ബിഷപ്പ്  ഡി.ഡാക്കൂസിന്റെ പിൻഗാമിയായി ജോൺ റെബിറെ മെത്രാനായി പുത്തന്ചിറയിൽ ഭരണം തുടങ്ങി. ഇദ്ദേഹം സമ്പാളൂരിൽ റെയ്ഡാറയും പ്രവർത്തിച്ചിട്ടുണ്ട്. ജോൺ റെബിറേ 1706 -ൽ പുത്തൻചിറയിൽ പുതിയ മെത്രാസന മന്ദിരം പണികഴിപ്പിച്ചു.1716 ൽ ആയിരുന്നു ഇദ്ദേഹത്തിന്റെ മരണം.  പുത്തൻചിറയിൽ  തന്നെ സംസ്‌കരിക്കുകയും ചെയ്തു. 



പിന്നീട് ആന്റണി പിമെന്റൽ മെത്രാപോലീത്ത 1752 വരെ ഭരണം നടത്തി. ഇദ്ദേഹത്തേയും പുത്തൻചിറ പള്ളിയിലാണ് അടക്കം ചെയ്തിട്ടുള്ളത്. തുടർന്നുള്ള മൂന്ന് വർഷം ജോൺ അലോഷ്യസ് വാസ്ലോൺ സെല്ലോസ് മെത്രാന്റെ കാലമായിരുന്നു. പുത്തൻചിറയിലെ അവസാനത്തെ മെത്രാപ്പോലീത്തയായി 1756 മുതൽ 1777 വരെ ഭരണം നിർവ്വഹിച്ചു. ഇദ്ദേഹമാണ് ഒരു ഭദ്രാസന ദേവാലയമായി പുത്തൻചിറയെ മാറ്റിയത്. ഇതോടെ ആദ്യമേ തകർന്ന് പോയിരുന്ന കുരിശു പള്ളിയുടെ സ്ഥാന കുരിശായ കരിങ്കല്ലിൽ തീർത്ത ഇരട്ടക്കുരിശ്  കൊടുങ്ങല്ലൂർ രൂപതയുടെ സ്ഥാന ചിഹ്നമായി അംഗീകരിച്ചു.

 

ഈ ഇരട്ടക്കുരിശ് ഇപ്പോഴും പള്ളിയുടെ മുന്നിൽ തേജോമയമായി തല ഉയർത്തി നിൽക്കുന്നു. മേല്പറഞ്ഞ നാല് മെത്രാപ്പോലീത്തമാരുടെയും കബറിടങ്ങൾ ഇപ്പോഴും നശിച്ചു പോകാതെ പുത്തൻചിറ സെന്റ് മേരീസ് ദേവാലയത്തിൽ സംരക്ഷിച്ചിരിക്കുന്നു. ടിപ്പുവിന്റെ ആക്രമണത്തിൽ പോലും ഇതിനു നാശ നഷ്ടമുണ്ടായില്ല എന്നത് ചരിത്ര സംരക്ഷണത്തിന് സഹായകരമായി. ഇതേ തുടർന്ന് ദീര്ഘാകാലം അഡ്മിനിസ്ട്രേറ്റർമാരാണ് രൂപതയുടെ മേൽനോട്ടം നിർവ്വഹിച്ചത്. അർണോസ് പാതിരി പുത്തൻചിറയിലും താമസിച്ച് പുത്തൻ പാനയുടെ രചന നിർവ്വഹിച്ചതായും ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.

 ഒരു കാലത്ത് ഭദ്രാസന ദേവാലയമായിരുന്നു 

ക്രൈസ്തവ സഭാ സംബന്ധമായ കാര്യങ്ങൾക്കായി കേരള ഹൈറാർക്കി  രൂപം കൊണ്ടപ്പോൾ റീത്തുകളുടെ ആധിക്യങ്ങളും സ്വാധീനമുറപ്പിക്കലും അത്യന്താപേക്ഷിതമായതിനാൽ വരാപ്പുഴ രൂപതയ്ക്ക് കൂടുതൽ പ്രാധാന്യം വന്നു ചേർന്നു. കൊടുങ്ങല്ലൂർ രൂപതയുടെ വികാരി ജനറലായിരുന്ന മാളിയേക്കൽ കൂനൻ ഇട്ടീര മകൻ പൗലോസ് കത്തനാർ രൂപതയുടെ പ്രവർത്തനങ്ങൾ വരാപ്പുഴയിൽ നിന്നും നേരിട്ട് നടത്തുവാൻ നടപടി സ്വീകരിച്ചു.


 

ടിപ്പു സുൽത്താന്റെ ആക്രമണ ശേഷം തകർന്ന പള്ളി പുനരുദ്ധരിക്കാൻ പിന്നെയും നൂറ്റിപ്പതിമൂന്ന്‌ വര്ഷം കാത്തിരിക്കേണ്ടി വന്നു. പുത്തൻചിറ പള്ളിയിൽ 1902 -ൽ വികാരിയായി ചുമതല വഹിച്ച ഫാദർ ജോസഫ് വിതയത്തിൽ ആണ് ഇതിനുള്ള പരിശ്രമങ്ങൾ നടത്തിയത്. ഇപ്പോൾ കാണുന്ന ഈ ദേവാലയ സമുച്ചയം  1915 മെയ് 30 -ന്  പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചതാണ്. ഒരു കാലത്ത് രൂപത ഭദ്രാസന ദേവാലയമായിരുന്ന പുത്തൻചിറ ഇരിങ്ങാലക്കുട രൂപത രൂപീകതമായതിനു ശേഷം 1973 -ൽ ഒരു ഫൊറോനാ പള്ളിയായി ഉയർത്തപ്പെട്ടു. ഇത് ഇപ്പോഴും തുടരുന്നു.

 തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment