പ്രഭാഷണ കലയുടെ കുലപതി 'സുകുമാർ അഴിക്കോട്'
വാൽക്കണ്ണാടി
കേരളീയ സമൂഹത്തെ അരനൂറ്റാണ്ടിലേറെക്കാലം ചലനാത്മകമായി നിലനിർത്തിയ ധൈഷണികതയുടെ പ്രകാശ ഗോപുരമായിരുന്നു ഡോക്ടർ സുകുമാർ അഴിക്കോട്. അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി കടന്നു പോകുന്നു. ആ മഹാനുഭാവൻ മൗലിക ചിന്തയുടെ കാന്ത സ്പർശമേറ്റ വാമൊഴിയും വരമൊഴിയും കൊണ്ട് മാനവ ജനതയുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ പ്രോജ്വലിപ്പിച്ച ധിഷണാശാലിയായിരുന്നു.
അപൂർവ്വമായ അദ്‌ഭുതവ്യക്തി
മലയാളിയുടെ ചിന്താപ്രപഞ്ചത്തെ അഗാധമായ ആഴത്തിൽ സ്വാധീനിച്ച അദ്ദേഹം നമ്മുടെ ആശയ ലോകത്തെ സമ്പുഷ്ടമാക്കുകയും പുരോഗനാത്മകമായ ദിശയിലേക്ക് നയിക്കുകയും ചെയ്തു.
പ്രസിദ്ധനായ ഗാന്ധി ശിക്ഷ്യനായിരുന്നു. കാലത്തിന്റെ കനി നീരൊഴുക്കിലൂടെ കൈരളിയുടെ കർമ്മ ശ്രേഷ്ഠനായി കൊടുങ്കാറ്റുയർത്തി കഥാവശേഷനായി കടന്നുപോയ കലാപകാരിയായിരുന്നു.
മനുഷ്യന്റെ ബുദ്ധി മോശങ്ങളുടെ നേരെ ആഞ്ഞു ചുഴറ്റിയ ആ ചാട്ടവാറിന്റെ കേരളീയ പതിപ്പായിരുന്നു ഡോക്റ്റർ അഴിക്കോട്. കേരളീയ പൊതു മണ്ഡലത്തെ ഇത്രയേറെ ഇളക്കി മറിച്ച മറ്റൊരു വ്യക്തിയെ അര നൂറ്റാണ്ടിനിടയിൽ മലയാളി കണ്ടിട്ടില്ല.
അഴിക്കോട് ഒരു അഭിപ്രായം പറയുമ്പോൾ ആശയപരമായി വിരുദ്ധ ധ്രുവങ്ങളിൽ ഉള്ളവർ പോലും ചെവിയോർത്ത് നിൽക്കുമായിരുന്നു. അദ്ദേഹം നിലപാടുകൾ നിർഭയം തുറന്നു പറയുകയായിരുന്നു. ഉരുളക്കുപ്പേരി പോലെ മറുപടി പറയാൻ കഴിയുന്ന പ്രതുല്പ്പന്നമതിത്വം എന്ന ബൗദ്ധിക സിദ്ധി ബർനാഡ്ഷായെപ്പോലെ അദ്ദേഹത്തിനുണ്ടായിരുന്നു.
വാക്കുകൾക്കു വേണ്ടിയായിരുന്നു ആ ജീവിതം
ഭാരതീയതയെക്കുറിച്ചുള്ള ഡോക്ടർ അഴിക്കോടിന്റെ പ്രഭാഷണങ്ങളിൽ സംവാദത്തെ അദ്ദേഹം നിർവചിക്കുന്നത് സമൂഹത്തിനും നാടിനും എല്ലാ മനുഷ്യർക്കും വേണ്ടി അഭിപ്രായത്തിൽ എത്തിച്ചേരുക എന്നാണ്. അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യവും. സംവാദങ്ങളിലൂടെ അദ്ദേഹം കേരളീയ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ സജീവമാക്കി. മനുഷ്യ പുരോഗതിക്ക് അനുഗുണമായ ആശയങ്ങൾ ഭാരതീയ ദർശനങ്ങളിലൂടെ അപാരമായ അറിവിന്റെ അവഗാഹത്തോടെ അവതരിപ്പിച്ചു. അഴിക്കോടിന്റെ സൂക്ഷ്മ ദൃഷ്ടി പതിയാത്ത കർമ്മ മണ്ഡലങ്ങൾ കുറവായിരുന്നു. രാഷ്ട്രീയവും സാഹിത്യവും സിനിമയും ദർശനികതയും കലയും അദ്ദേഹത്തിന്റെ മൂർച്ചയേറിയ വിമർശനങ്ങൾക്ക് വിധേയമായി. തന്റെ ഗഹനവും സങ്കീർണ്ണവുമായ ചിന്തകളെ അസാമാന്യമായ ഒരാർജ്ജവത്തോടെയും ലാളിത്യത്തോടെയും ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വാക്കുകളാണ് എപ്പോഴും അഴീക്കോട് അന്വേഷിച്ചത്. അഴിക്കോടിന്റെ ആത്മ പ്രകാശനമാണ് പ്രസംഗം. തൻ്റെ ചെറിയ ശരീരത്തെ വായുവിൽ പ്രകമ്പനം കൊള്ളാൻ വിട്ട് എന്തോ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിരലുകളിലൂടെ വാക്കുകളെ ആവാഹിച്ച് ഒരു കൃതി പാടുന്നതുപോലെ തന്നോടു തന്നെയാണ് പ്രഭാഷണം നിർവ്വഹിച്ചത്.
നിരവധി പദവികൾ വഹിച്ചു
കണ്ണൂർ ജില്ലയിലെ അഴിക്കോട് വിദ്വാൻ പനങ്കാവിൽ ദാമോദരന്റേയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായി സുകുമാരൻ എന്ന സുകുമാർ 1926 മെയ് 12നാണ് പിറന്നത്.
ചിറക്കൽ രാജാസ് ഹൈസ്‌കൂളിൽ നിന്നും എസ്എസ്എൽസി പാസ്സായതിന് ശേഷം കോട്ടക്കൽ ആയുർവേദ കോളേജിൽ വൈദ്യം പഠിച്ചു. മദിരാശി സർവ്വകലാശാലയിൽ നിന്ന് ബികോം, ബിടി കോഴ്‌സുകളിൽ വിജയം നേടി. സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് സമ്പാദിച്ചു. ചിറക്കൽ രാജാസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് സെന്റ് ജോസഫ് എന്നീ കോളേജുകളിൽ ലക്ച്ചററായും മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ, കോഴിക്കോട് സർവ്വകലാശാലയിൽ മലയാളം വകുപ്പ് മേധാവി, പ്രൊ. വൈസ് ചാൻസലർ, ആക്ടിങ് വൈസ് ചാൻസലർ എന്നീ പദവികളും വഹിച്ചു.
കേരളത്തിലെ വിവിധ സർവകലാശാലകളുടെ വിദ്യാഭ്യാസ ഭരണ സമിതികളിലും അംഗമായിരുന്നു. ഇദ്ദേഹത്തെ ആദ്യത്തെ നാഷണൽ ലക്‌ചററായി യുജിസി തെരഞ്ഞെടുത്തു. കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നിന്നും വിരമിച്ച ശേഷം എമിറിറ്റസ് പ്രൊഫസറായി നിയമിതനായി.
ആദ്യ പ്രസംഗം
പ്രഭാഷണ കലയിലെ അരങ്ങേറ്റം 1945 ഏപ്രിൽ 14ന് ആശാൻ ദിനത്തിലായിരുന്നു. കണ്ണൂർ ടൗണിലുള്ള ഒരു മാടക്കടയുടെ മറവിൽ പത്തുപതിനെട്ട് ആളുകൾ ഉള്ള ഒരു സദസ്സിലായിരുന്നു ആദ്യ പ്രസംഗം. അസുര നീതികളെ വിറപ്പിച്ച അശ്വമേധത്തിൻ്റെ തുടക്കം.
സ്വാതന്ത്ര്യ ജൂബിലി പ്രഭാഷണ പരമ്പര, ഗാന്ധിജിയുടെ 125 ആം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളിൽ നടത്തിയ പ്രഭാഷണ പരമ്പര, ഭാരതീയതയെക്കുറിച്ച് ഏഴു ദിവസം തുടർച്ചയായി തൃശൂരിൽ നടത്തിയ പ്രഭാഷണ പരമ്പര എന്നിവ ഈ പ്രതിഭ സമ്പന്നന്റെ പ്രതീകാത്മകമായ പ്രതിബിംബങ്ങളും സമാനതകളില്ലാത്ത നിദർശനങ്ങളുമായിരുന്നു.
പ്രസംഗത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതി വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്. സാഗര ഗർജ്ജനം എന്നാണ് പ്രഭാഷണത്തെ ബഷീർ വിശേഷിപ്പിച്ചത്. സുകുമാർ അഴീക്കോട് കോൺഗ്രസ് സ്ഥാനാർത്ഥിയായി 1962 ൽ തലശ്ശേരിയിൽ നിന്നും ലോക സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കൃതി ആശാന്റെ സീതാകവ്യമാണ്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന ഖണ്ഡ കാവ്യത്തെക്കുറിച്ചുള്ള പ്രഥമ നിരൂപണ പഠന ഗ്രന്ഥമാണിത്. അഴീക്കോടിന്റെ 1956 ൽ പ്രകാശിതമായ രമണനും മലയാള സാഹിത്യത്തതിൽ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന രചന ശ്രദ്ധേയ സ്ഥാനം ചെലുത്തി . സുകുമാർ അഴീക്കോടിനെ പത്മശ്രീ ബഹുമതിക്ക് തെരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
സുകുമാർ അഴീക്കോട് 1965 മുതൽ പന്ത്രണ്ടു വർഷത്തോളം സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേന്ദ്ര - കേരള സാഹിത്യ അക്കാദമികളിലും പദവികൾ വഹിച്ചു. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാൻ പദവി 1993 -ൽ ഇദ്ദേഹത്തെ തേടിയെത്തി. ഉപനിഷത്തുകളുടെ ആത്മാവുൾക്കൊണ്ട് അദ്ദേഹം രചിച്ച തത്വമസി എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടു. കേന്ദ്ര കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ തത്വമസിക്ക് ലഭിച്ചു.
ഗാന്ധിദർശനം
വിവാദങ്ങൾ അഴിക്കോടിന്റെ സന്തത സഹചാരിയായിരുന്നു. എന്നാൽ കേരളീയ സമൂഹത്തെ പുരോഗമനത്തിലേക്ക് നയിക്കുന്നതിനുള്ള ക്രിയാത്മകമായ വിമർശനങ്ങളാണ് അദ്ദേഹം എക്കാലവും ഉയർത്തിയിട്ടുള്ളത്. വ്യക്തി വിദ്വേഷമോ മുൻ വിധികളോ ആയിരുന്നില്ല അദ്ദേഹത്തിന്റെ മുന കൂർത്ത വിമർശനങ്ങളുടെ കാതൽ. അദ്ദേഹം കലഹിക്കുമ്പോൾ അതിനു പിന്നിൽ സാമൂഹികമായ ഒരു കാരണമുണ്ടായിരുന്നു. ഒറ്റയാനായി ജീവിച്ച അദ്ദേഹത്തിന് വ്യക്തിപരവും സ്വജനപക്ഷപാതപരവും സ്വാർത്ഥതാപരവുമായ താല്പര്യങ്ങൾ ഇല്ലായിരുന്നു.
ഒരിക്കൽ കേരളം സാഹിത്യ അക്കാദമിയോടുള്ള വിയോജിപ്പു കാരണം അക്കാദമിയുടെ എല്ലാ ബഹുമതികളും ഉപഹാരങ്ങളും പാരിതോഷികങ്ങളും അദ്ദേഹം തിരിച്ചേൽപ്പിക്കുകയുണ്ടായി. ഡോ. സുകുമാർ അഴീക്കോട് സ്വാതന്ത്ര്യ സമര കാലഘട്ടം പോലെ മാനവീകൃതമായ ഒരു കാലം ദേശ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന ഉത്തമ വിശ്വാസത്തിന്റെ പ്രചാരകാനായിരുന്നു. അദ്ദേഹത്തിന്റെ സാമൂഹിക വിമർശനത്തിന്റെ സ്വഭാവം സ്വാതന്ത്ര്യ സമരകാല ദീപ്തിക്കെതിരെ സമകാലികമായ അന്ധകാരത്തെ സങ്കൽപ്പിച്ച് അതിന്റെ കാരണങ്ങളും വസ്തുതകളും വിശദീകരിക്കുക എന്നതായിരുന്നു. ഗാന്ധിജിയെ തന്റെ ആശയ ജീവിതത്തിന്റെ കേന്ദ്ര പ്രതിഷ്ഠയായി കാണുന്നത് ഈ സ്വഭാവത്തിന്റെ ഭാഗമാണ്.
പ്രസംഗത്തെ ശ്രേഷ്ഠമായ ഒരു പ്രവർത്തനമാക്കിതീർത്ത അപൂർവ്വം മലയാളികളിൽ ഒരാളായിരുന്നു സുകുമാർ അഴിക്കോട്. ഇതിലും ഗാന്ധിജിയുടെ സ്വാധീനം കാണാം. പലരും പറയാൻ ആഗ്രഹിക്കുന്നതും എന്നാൽ സുരക്ഷാ കാരണങ്ങളാൽ പറയാത്തതുമായ വാസ്തവങ്ങൾ അഴിക്കോടിന്റെ വേദികളെ സജീവമാക്കി. അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളുടെ അവതരണത്തിലുള്ള കൃത്യതയും തെളിച്ചവുമുള്ള വാദങ്ങൾ കൂടുതൽ ആളുകളിലെത്തിക്കാൻ സഹായകമായി.
അഴിക്കോട് ഗാന്ധിമന്ദിര ഗ്രന്ഥാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. നവഭാരതവേദിയുടെ പ്രഥമ പ്രസിഡന്റായിരുന്നു.പത്ര പ്രവർത്തനത്തിലും പ്രാഗത്ഭ്യം തെളിയിച്ചു.
സുകുമാർ അഴിക്കോടിന്റെ ശ്രദ്ധേയമായ കൃതികൾ
രാജാജി, വയലാർ, എഴുത്തച്ഛൻ, വെണ്മണയ്ക്കൽ വേലായുധൻ, ശങ്കരദാസൻ തമ്പി, അഹമ്മദ് മൗലവി, സഹൃദയവേദി, സുവർണകൈരളി, തുടങ്ങി അനേകം അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചു.
ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിയും പുരോഗമന സാഹിത്യവും മറ്റും മഹാത്മാവിന്റെ മാർഗ്ഗം, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു, ഒരു കൂട്ടം പഴയകത്തുകൾ, വിമർശനം, മഹാകവി ഉള്ളൂർ, ഹൾക്ക്ബറി ഫിന്നിന്റെ വിക്രമങ്ങൾ, ജയദേവൻ, മലയാള സാഹിത്യ വിമർശനം, വായനയുടെ സ്വർഗത്തിൽ, ചരിത്രം സമന്വയമോ സംഘട്ടനമോ, തത്വമസി, മലയാള സാഹിത്യ പഠനങ്ങൾ, വിശ്വ സാഹിത്യ പഠനങ്ങൾ, ഖണ്ഡനവും മണ്ഠനവും, തത്വവും മനുഷ്യനും എന്തിന് ഭാരതാംബേ, ഗുരുവിന്റെ ദുഃഖം, അഴിക്കോടിന്റെ പ്രഭാഷണങ്ങൾ, അഴിക്കോടിന്റെ ഫലിതങ്ങൾ, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകൾ കാഴ്ച്ചകൾ, നവയാത്രകൾ, പുതു പുഷ്പങ്ങൾ, ഭാരതീയത, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, ദർശനം സമൂഹം വ്യക്തി, പ്രിയപ്പെട്ട അഴീക്കോടിന്, ഇന്ത്യയുടെ വിപരീത മുഖങ്ങൾ, എന്തൊരു നാട്, നട്ടെല്ല് എന്ന ഗുണം, അഴിക്കോടിന്റെ ആത്മകഥ എന്നിവയെല്ലാം, സുകുമാർ അഴിക്കോടിന്റെ ശ്രദ്ധേയമായ കൃതികളാണ്.
ജീവിതമെന്ന പരമ പ്രധാന പാഠം അഴിക്കോട് അദ്ധ്യാപകനായി നമ്മെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും സുകൃതവുമായിരുന്ന ആ മനീഷി 2012 ജനുവരി 24ന് മരണത്തിലേക്ക് മൺമറഞ്ഞു പോയി. എങ്കിലും ഡോക്‌ടർ സുകുമാർ അഴീക്കോടിന്റെ കർമ്മ രംഗങ്ങൾ എന്നെന്നും മഹിതമുദ്രിതങ്ങളാണ്.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment